സിക വൈറസ് ഒരു തലമുറയെ ഇല്ലാതാക്കുമെന്നു നിഗമനം; 2018 വരെ ഗര്‍ഭിണികളാകരുതെന്ന് സ്ത്രീകള്‍ക്കു മുന്നറിയിപ്പ്

മെക്‌സിക്കോ സിറ്റി: നവജാതശിശുക്കളുടെ മരണം വിളിച്ചുവരുത്തുന്ന സിക വൈറസ് തലമുറയെത്തന്നെ അപ്രത്യക്ഷമാക്കാമെന്നു ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ 2018വരെ ഗര്‍ഭിണികളാകുന്നതില്‍നിന്നു മാറിനില്‍ക്കണമെന്നു ലാറ്റിന്‍ അമേരിക്കയിലെ സ്്ത്രീകള്‍ക്കു നിര്‍ദേശം. ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്നതു തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് വിവിധ സര്‍ക്കാരുകളുടെ നീക്കം.

കൊതുകുകളിലൂടെയാണ് സിക വൈറസ് പകരുന്നത്. സിക വൈറസ് ബാധിച്ചവര്‍ക്കു പിറക്കുന്ന കുട്ടികളുടെ തല വലിപ്പത്തില്‍ ചെറുതായിരിക്കും. പലരും ജീവനോടെയുണ്ടാകാനുള്ള സാധ്യതയും കുറവാണ്. ബ്രസീലില്‍ മൂവായിരത്തോളം നവജാത ശിശുക്കള്‍ ഇത്തരത്തില്‍ ജന്മനാ വൈകല്യം ബാധിച്ചു മരിച്ചതോടെയാണ് സിക വൈറസ് മനുഷ്യരിലേക്കു പകര്‍ന്ന വിവരം ലഭിച്ചത്. ബ്രസീലില്‍ കണ്ടെത്തിയ രോഗം ലാറ്റിനമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നതായാണ് വിവരം.

1940 -ലാണ് സിക വൈറസ് കണ്ടെത്തിയത്. ബ്രസീലില്‍ മാത്രം പത്തുലക്ഷം പേരില്‍ സിക വൈറസ് ബാധിച്ചുകഴിഞ്ഞതായാണ് ലോകാരോഗ്യ സംഘടനയുടെ അനുമാനം. നാലായിരം കുഞ്ഞുങ്ങളെ രോഗം ബാധിച്ചിട്ടുമുണ്ട്. തലച്ചോര്‍ വളര്‍ച്ചപ്രാപിക്കാതെയും വലിപ്പമില്ലാതെ തലയോടെയുമാണ് സിക വൈറസ് ബാധിച്ചവര്‍ക്കു കുഞ്ഞുപിറക്കുക. സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ സ്ത്രീകള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കു രോഗബാധയുണ്ടാകാനുള്ള സാധ്യത വളരെയേറെയാണെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here