ദില്ലി: ബിജെപി അധ്യക്ഷനായി അമിത്ഷായ്ക്ക് രണ്ടാമൂഴം. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പില്‍ പതിനേഴ് നാമനിര്‍ദേശങ്ങളോടെയാണ് അമിത്ഷായെ രണ്ടാം വട്ടവും ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതേസമയം, എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. നരേന്ദ്രമോദിയും അമിത്ഷായും കടിഞ്ഞാണ്‍ വലിക്കുന്ന പാര്‍ട്ടി നേതൃനിരയോടുള്ള കടുത്ത അതൃപ്തിയാണ് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കാന്‍ കാരണം.
2014-ലാണ് അമിത്ഷായെ ആദ്യമായി ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയശില്‍പി എന്ന് അമിത്ഷായെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും തുടര്‍ന്നുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടിരുന്നു. പാര്‍ട്ടിക്കു വിജയം സമ്മാനിച്ചെങ്കിലും നല്ലൊരു നേതാവല്ലെന്ന വിമര്‍ശനം നിലനില്‍ക്കേയാണ് അമിത്ഷാ വീണ്ടും അധ്യക്ഷനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അനന്ത കുമാര്‍, ജെപി നദ്ദ, വെങ്കയ്യ നായിഡു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ വസുന്ധര രാജെ സിന്ധ്യ, രഘുബര്‍ദാസ്, ശിവരാജ്‌സിംഗ് ചൗഹാന്‍ എന്നിവരാണ് അമിത്ഷായുടെ പേര് നിര്‍ദേശിച്ചത്. നേരത്തേ, 2014-ല്‍ പാര്‍ട്ടി അധ്യക്ഷനായിരുന്ന രാജ്‌നാഥ് സിംഗ് കേന്ദ്രമന്ത്രിസഭയില്‍ അംഗമായപ്പോള്‍ വന്ന ഒഴിവിലാണ് അമിത് ഷാ അധ്യക്ഷനായത്.
അമിത്ഷാ- നരേന്ദ്രമോദി കൂട്ടുകെട്ടിനെതിരേ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കു തുടക്കം മുതലേ എതിര്‍പ്പായിരുന്നു. മോദിയും ഷായും പാര്‍ട്ടി നേതൃത്വത്തിന്റെ സ്റ്റിയറിംഗ് ഏറ്റെടുത്തപ്പോഴേക്കും മുതിര്‍ന്ന നേതാക്കളെ വെട്ടിയൊതുക്കിയിരുന്നു. പലപ്പോഴും അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും യശ്വന്ത് സിന്‍ഹയും ഇക്കാര്യം തുറന്നു പറഞ്ഞു രംഗത്തെത്തിയിരുന്നു. മോദിയും ഷായും പാര്‍ട്ടി-ഭരണപരമായ കാര്യങ്ങളില്‍ മുതിര്‍ന്ന നേതാകക്കളുമായി കൂട്ടിയാലോചനകളും നടത്തുന്നില്ല. ദില്ലി, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ തിരിച്ചടി അമിത്ഷായുടെ നേതൃത്വത്തിന്റെ വീഴ്ചയാണെന്നും മുതിര്‍ന്ന നേതാക്കള്‍ ആരോപിച്ചിരുന്നു.
അമിത്ഷാ വീണ്ടും പാര്‍ട്ടിയുടെ അധ്യക്ഷനാകുന്നതോടെ രാജ്യത്തു ബിജെപിക്കു വളക്കൂറുണ്ടാക്കിയ നേതാക്കള്‍ ഭിന്നിക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. വരാനികിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും പാര്‍ട്ടിയെ സജ്ജമാക്കേണ്ട ഉത്തരവാദിത്തമാണ് അമിത്ഷായ്ക്കു ലഭിക്കുന്നത്. അതേസമയം, മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിയുമായി എത്രകാലം ഇങ്ങനെ ഷായ്ക്കു മുന്നോട്ടു പോകാന്‍ കഴിയുമെന്നതാണ് ബിജെപി കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here