ടൈറ്റാനിയം കേസ്; ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് വിഎസ്; വിജിലന്‍സ് ഡയറക്ടര്‍ക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് വിഎസ് അച്യുതാനന്ദന്‍ കത്തയച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കം മുഴുവന്‍ പ്രതികളെയും പ്രതിചേര്‍ത്ത് ഉടന്‍ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസിന്റെ കത്ത്. ഈ കേസില്‍ പ്രതികളായവരെ നിലവിലെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തി അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവുണ്ട്. ഇതിനെതിരായ ഹര്‍ജികളെല്ലാം തള്ളിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നാണ് വിഎഡസിന്റെ കത്തിലെ ആവശ്യം.

മുന്‍ വ്യവസായ വകുപ്പു സെക്രട്ടറി ടി. ബാലകൃഷ്ണനും മൂന്നാംപ്രതി സന്തോഷുമാണ് സ്‌റ്റേ ഹര്‍ജി നല്‍കിയിരുന്നത്. ഹൈക്കോടതിയും ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ അന്വേഷണം നടത്താനുളള ചുമതല വിജിലന്‍സ് ഡയറക്ടര്‍ക്കാണ്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും വിജിലന്‍സ് ഡയറക്ടര്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയാവുകയാണ് എഡിജിപി ശങ്കര്‍റെഡ്ഡി. 165.98 കോടി രൂപ നഷ്ടമുണ്ടായെന്ന് വിജിലന്‍സ് ഓഡിറ്റ് വിംഗ് കണ്ടെത്തിയിട്ടും തന്റെ യജമാനന്‍മാരെ രക്ഷിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ തത്രപ്പെടുന്നത്.

വിജിലന്‍സ് ഡയറക്ടറുടെ ഈ നിലപാട് തന്റെ പദവിയോട് കാണിക്കുന്ന അനാദരവും, നീതിബോധമില്ലായ്മയുമാണെന്ന് വിഎസ് കത്തില്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യം ഉള്‍പ്പടെയുള്ള വിജിലന്‍സ് ഡയറക്ടറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും വിഎസ് പ്രസ്താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News