എച്ച്‌സിയു വിസി ഡോ. അപ്പാറാവു അനിശ്ചിത കാല അവധിയില്‍ പ്രവേശിച്ചു; പകരക്കാരന്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്ത സമിതി അധ്യക്ഷന്‍; പ്രക്ഷോഭം തുടരും

ഹൈദരാബാദ്: ഗവേഷക വിദ്യാര്‍ഥി രോഹിത് വിമുലയുടെ ആത്മഹത്യയെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും വിദ്യാര്‍ഥി പ്രക്ഷോഭത്തിനുമിടെ വൈസ് ചാന്‍സിലര്‍ ഡോ. അപ്പാറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. വിസിയെ പുറത്താക്കാതെ പിന്നോട്ടില്ലെന്നുറപ്പിച്ചു വിദ്യാര്‍ഥികള്‍ നിരാഹാരസമരം തുടരുകയാണ്. അവധിയില്‍ പ്രവേശിച്ച അപ്പാറാവുവിന് പകരക്കാരനായി നിയോഗിച്ച ഡോ. വിപിന്‍ ശ്രീവാസ്തവയെയും അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. രോഹിത് അടക്കമുള്ള വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച സര്‍വകലാശാല അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു ഇദ്ദേഹം.

വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് അപ്പാറാവു ഇന്നുച്ചയ്ക്ക് അവധിയില്‍ പ്രവേശിക്കുന്നതാിയ കേന്ദ്ര മാനവശേഷി വിഭവ മന്ത്രാലയത്തെ അറിയിച്ചത്. വിസിയെ നീക്കണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികളുടെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി നാളെ സര്‍വകലാശാലയിലേക്കു ചലോ എച്ച്‌സിയു മാര്‍ച്ച് നടത്താനിരിക്കുകയാണ്.

രോഹിത് വിമുലയുടെ ആത്മഹത്യക്കു കാരണക്കാരന്‍ വിസി അപ്പാറാവുവാണെന്നു കാട്ടിയാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തുന്നത്. വിസിയെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു കാട്ടി രണ്ടാംഘട്ടം വിദ്യാര്‍ഥികള്‍ ഇന്നു രാവിലെയാണ് നിരാഹാര സമരം ആരംഭിച്ചത്. നാലു ദിവസമായി നിരാഹാരത്തിലായിരുന്ന വിദ്യാര്‍ഥികളെ ഇന്നലെ രാത്രി ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് ഇന്നു രാവിലെ ഏഴു വിദ്യാര്‍ഥികള്‍ നിരാഹാരം ആരംഭിച്ചത്. അവധിയില്‍ പ്രവേശിച്ച അപ്പാറാവുവിന് പകരം വിപിന്‍ ശ്രീവാസ്തവയ്ക്കു വിസിയുടെ ചുമതല നല്‍കി. എബിവിപി നേതാക്കളുടെ പരാതിയില്‍ രോഹിത് വെമുല അടക്കം അഞ്ചു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത് അപ്പാറാവുവായിരുന്നു.

രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ആരോപണവിധേയരായ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയെയും വിസി അപ്പാറാവുവിനെയും സംരക്ഷിക്കാന്‍ പൊലീസും ഭരണകൂടവും ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ കര്‍ശന നിലപാടുമായി മുന്നോട്ടു പോകുന്നത്. മരിച്ച രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന റിപ്പോര്‍ട്ടാണ് പൊലിസ് തയാറാക്കിയിരിക്കുന്നത്. എസ് സി/എസ് ടി നിയമത്തിന്റെ പരിധിയില്‍നിന്ന് രണ്ടു പേരെയും ഒഴിവാക്കാനാണ് പൊലിസിന്റെ ശ്രമം. കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ ദളിത് വിഭാഗക്കാരിതന്നെയാണെന്നും കാട്ടി രോഹിതിന്റെ മാതാവും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News