വാഗയിലെ സൈന്യത്തിന്റെ പ്രകടനം ഇനി ത്രിപുരയിലും ആസ്വദിക്കാം; അഗര്‍ത്തല – അഖൗറ അതിര്‍ത്തിയില്‍ ബീറ്റിംഗ് റിട്രീറ്റ് സംഘടിപ്പിക്കാന്‍ സൈന്യത്തിന് അനുമതി

അഗര്‍ത്തല: ഇന്ത്യ – പാക് അതിര്‍ത്തിയായ വാഗയില്‍ സൈന്യം നടത്തുന്ന പ്രകടനം ഓര്‍മ്മയില്ലേ. സമാന പ്രകടനം ഇനി ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയിലും ആസ്വദിക്കാം. അഗര്‍ത്തല – അഖൗറ അതിര്‍ത്തിയില്‍ സൈന്യം ഇതിനായി അടിസ്ഥാന സൗകര്യം ഒരുക്കും. ടൂറിസം കൂടി ലക്ഷ്യം വെച്ചാണ് തീരുമാനം.

ത്രിപുര സംസ്ഥാന ടൂറിസം മന്ത്രി രത്തന്‍ ഭൗമിക് ആണ് ഇക്കാര്യം അറിയിച്ചത്. ത്രിപുരയില്‍ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാഗാ മോഡല്‍ ബീറ്റിംഗ് റിട്രീറ്റിന് അരങ്ങൊരുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. 99 കേടി രൂപയാണ് ഇതിനായി ചെലവഴിക്കുക. 18 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു.

ബംഗ്ലാദേശുമായുള്ള വാണിജ്യ ബന്ധത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ് അഗര്‍ത്തല – അഖൗറ ചെക്‌പോസ്റ്റ്. പശ്ചിമ ബംഗാളിലെ ബെനാപോള്‍ – പെട്രാപോള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ വ്യാപാര കേന്ദ്രം. ഇവിടെ ബീറ്റിംഗ് റിട്രീറ്റ് ഒരുക്കുന്നതോടെ നിരവധി വിനോദ സഞ്ചാരികള്‍ ത്രിപുരയിലേക്ക് എത്തും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന വാഗയില്‍ 1959മുതലാണ് ബീറ്റിംഗ് റിട്രീറ്റ് സംഘടിപ്പിച്ചു തുടങ്ങിയത്. എല്ലാ ദിവസവും വൈകിട്ട് അതിര്‍ത്തി അടയ്ക്കുന്നതിന് മുന്നോടിയായാണ് ബീറ്റിംഗ് റിട്രീറ്റ് സംഘടിപ്പിക്കുന്നത്. വാഗയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകവും ഇതാണ്.

വൈരസ്വഭാവത്തോടെയാണ് വാഗയിലെ ബീറ്റിംഗ് റിട്രീറ്റ്. എന്നാല്‍ അഖൗറയിലേത് വ്യത്യസ്തമായ സാഹചര്യമാണ്. ബിഎസ്എഫും ബംഗ്ലാദേശിന്റെ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശും തമ്മില്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ്. അതുകൊണ്ടുതന്നെ സൗഹൃദപരമായ രീതിയിലാവും ബീറ്റിംഗ് റിട്രീറ്റ് സംഘടിപ്പിക്കുക എന്നും ബിഎസ്എഫ് വക്താവ് ഡിഎസ് ഭാട്ടി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here