സോളാര്‍ കേസില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്ന് ഉമ്മന്‍ചാണ്ടി; സരിതയുടെ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മീഷന്റെ നിര്‍ദേശത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സോളാര്‍ കമ്മിഷന് മുന്‍പാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചു. വിജ്ഞാന്‍ ഭവനില്‍ നടന്ന യോഗത്തിന്റെ തിയതി നിയമസഭയില്‍ പറഞ്ഞതില്‍ പിശകുപറ്റിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഡിസംബര്‍ 27നു പകരം 29 എന്നാണു നിയമസഭയില്‍ പറഞ്ഞതെന്നു സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പിശക് പറ്റിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതികളെ സഹായിക്കുന്ന നടപടിയൊന്നും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സോളാര്‍ കേസില്‍ സര്‍ക്കാരിന് സാമ്പത്തികനഷ്ടമുണ്ടായെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ്. ശ്രീധരന്‍ നായരെയും സരിതാ നായരെയും ഒരുമിച്ച് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് തെളിവെടുപ്പിനായി ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് മുന്നില്‍ തെളിവെടുപ്പിന് ഹാജരാകേണ്ടി വന്നത്.

അതേസമയം, സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരുടെ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മിഷന്റെ നിര്‍ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കത്ത് ഹാജരാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജിയിലാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കത്ത് തന്റെ സ്വകാര്യതയാണെന്നും അത് ഹാജരാക്കാന്‍ കഴിയില്ലെന്നും സരിത അറിയിക്കുകയായിരുന്നു. ഈ മാസം 27ന് മൊഴി നല്‍കാനെത്തുമ്പോള്‍ കത്ത് ഹാജരാക്കണമെന്ന് കമ്മിഷന്‍ സരിതയോട് നിര്‍ദ്ദേശിച്ചിരുന്നു.

പത്തനംതിട്ട ജയിലില്‍ കഴിയുമ്പോഴാണ് സരിത 21 പേജുള്ള കത്തെഴുതിയത്. കത്തില്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചവരുടെയും മറ്റും പേരുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുത്തത്. തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍പെടുത്തിയിരുന്നില്ല. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനും പേഴ്‌സണല്‍ സ്റ്റാഫിനും അടുത്ത ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

നിയമസഭയിലും പുറത്തും ആരോപണങ്ങളുയര്‍ന്നതിനു പുറമെ കമ്മീഷനില്‍ ചില സാക്ഷികളും ഇതുസംബന്ധിച്ച് മൊഴി നല്‍കി. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ജിക്കുമോന്‍, ജോപ്പന്‍, ഗണ്‍മാന്‍ സലീംരാജ് എന്നിവരെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍ നിന്നും സരിതയെ വിളിച്ചിരുന്നതായി സലീംരാജ് മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെയും വീട്ടിലെയും ഫോണ്‍ രേഖകള്‍ പരിശോധിച്ച എഡിജിപി ഹേമചന്ദ്രന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷന്‍ വിമര്‍ശിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രി കമ്മീഷന് മുന്നിലെത്തുന്നത്. മുഖ്യമന്ത്രിയെ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനും വിസ്തരിക്കും. തനിക്ക് നേരിട്ട് മുഖ്യമന്ത്രിയെ വിസ്തരിക്കണമെന്ന് ബിജു ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന്‍ അത് നിരസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News