ബാബുവിനെ രക്ഷിക്കാനിറങ്ങിയ സര്‍ക്കാരിനെ തള്ളി ഹൈക്കോടതി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് കോടതി ഉത്തരവിന് സ്‌റ്റേയില്ല

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച കെ ബാബുവിനെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. കെ ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള തൃശൂര്‍വിജിലന്‍സ് കോടതിയുടെ നടപടിയില്‍ അപാകമില്ലെന്നു ഹൈക്കോടതി കണ്ടെത്തി. ബാബുവിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് തൃശൂര്‍ വിജിലന്‍സ് കോടതി നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടപടി. സര്‍ക്കാര്‍ നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്.

നേരായ വഴിക്കല്ലാതെ ജഡ്ജിമാര്‍ക്കു നേരിട്ടു ഹര്‍ജി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. ഇതു തെറ്റാണെന്നു നേരായ രീതിയില്‍ ഹര്‍ജി സമര്‍പ്പിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ആഭ്യന്തര വകുപ്പ് അറിയാതെയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബാബുവിനെ മന്ത്രിസഭയില്‍ തിരികെ കൊണ്ടുവരാനുള്ള തിരക്കിട്ട ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. വിജിലന്‍സ് കോടതി എല്ലാ പരിധിയിലും ലംഘിച്ചെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും കോടതി തള്ളുകയായിരുന്നു.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ വിജിലന്‍സ് കോടതിക്ക് ഇടപെടാനാവില്ലെന്നു കാട്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിജിലന്‍സ് കോടതി ഉത്തരവിനെതിരേ റിവിഷന്‍ ഹര്‍ജി നല്‍കേണ്ട സ്ഥാനത്താണ് വഴിവിട്ട് മറ്റൊരുകേസില്‍ ഉപഹര്‍ജിയായി എജി കോടതിയെ സമീപിച്ചത്. ഇതു ശരിയല്ലെന്നു കോടതി പറയുകയായിരുന്നു. അന്വേഷണസംഘത്തിനു ഗുരുതരമായ വീഴ്ച പറ്റിയെന്നും ബാബുവിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയില്‍ തെറ്റില്ലെന്നും തുടര്‍ന്നു പ്രാഥമിക വാദത്തില്‍ ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ വിജിലന്‍സ് കോടതിക്ക് ഉത്തരവിടാനുള്ള അധികാരമില്ലെന്ന സര്‍ക്കാരിന്റെ വാദം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ അന്യായത്തിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇതിന് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുമായി ബന്ധമില്ലെന്നും വിജിലന്‍സ് കോടതിക്കു നടപടികളുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News