മലയാളികളായ പി ഗോപിനാഥന്‍ നായര്‍ക്കും സുനിത കൃഷ്ണനും ഡോ. സുന്ദര്‍ മേനോനും പദ്മശ്രീ; രജനീകാന്തും ശ്രീ ശ്രീ രവിശങ്കറും ധീരുഭായ് അംബാനിയും അടക്കം 10 പേര്‍ക്ക് പദ്മവിഭൂഷണ്‍

ദില്ലി: കേരളത്തിന് പേരിനു മാത്രം പ്രാതിനിധ്യം നല്‍കി പദ്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രജനീകാന്തും ശ്രീ ശ്രീ രവിശങ്കറും ധീരുഭായ് അംബാനിയും അടക്കം പത്തുപേര്‍ക്കു പത്മവിഭൂഷണ്‍ ലഭിച്ചു. 19 പേര്‍ക്ക് പദ്മവിഭൂഷണും 83 പേര്‍ക്കു പദ്മശ്രീയും പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍നിന്ന് ഒരാള്‍ക്കു മാത്രമാണ് പുരസ്‌കാരമുള്ളത്. ഗാന്ധിയന്‍ പി പി ഗോപിനാഥന്‍ നായര്‍ക്കു പദ്മശ്രീ ലഭിച്ചു. മലയാളിയാണെങ്കിലും ആന്ധ്രപ്രദേശില്‍നിന്നു നാമനിര്‍ദേശം ലഭിച്ച സുനിതാ കൃഷ്ണനും പ്രവാസി ഇന്ത്യക്കാരുടെ ഗണത്തില്‍ ഡോ. സുന്ദര്‍ ആദിത്യ മേനോനും പദ്മശ്രീയുണ്ട്. കേരളം നിര്‍ദേശിച്ച മുന്‍ സിഎജി വിനോദ് റായ്ക്കു പദ്മഭൂഷണും നല്‍കിയിട്ടുണ്ട്.

നര്‍ത്തകി യാമനി കൃഷ്ണമൂര്‍ത്തി, രജനീകാന്ത്, സംഗീതജ്ഞ ഗിരിജാദേവി, എഴുത്തുകാരനും സംവിധായകനുമായ രാമോജി റാവു, കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വിശ്വനാഥന്‍ ശാന്ത, ജഗ്മോഹന്‍, ശാസ്ത്രജ്ഞന്‍ ഡോ. വാസുദേവ് കാല്‍കുന്തേ ആത്രേ, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ അവിനാശ് ദീക്ഷിത്, വ്യവസായി ധീരുഭായ് അംബാനി എന്നിവര്‍ക്കാണ് പദ്മവിഭൂഷണ്‍.

നടന്‍ അനുപം ഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍, സ്വാമി തേജോമയാനന്ദ, സൈന നെഹ്‌വാള്‍, സാനിയ മിര്‍സ, സ്വാമി ദയാനന്ദ സരസ്വതി എന്നിവരാണ് പദ്മഭൂഷണ്‍ നേടിയ പ്രമുഖര്‍. ബോളിവുഡ് നടന്‍ അജയ്‌ദേവ്ഗണ്‍, നടി പ്രിയങ്ക ചോപ്ര, സംവിധായകന്‍ എസ് എസ് രാജമൗലി, മധൂര്‍ ഭണ്ഡാകര്‍, നാടന്‍ പാട്ടുകാരി മാലിനി അശ്വതി, മുംബൈ ഭീകരാക്രമണക്കേസിലെ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം, അമ്പെയ്ത്തുകാരി ദീപിക കുമാരി എന്നിവരാണ് പദ്മശ്രീ നേടിയ പ്രമുഖര്‍.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയയാണ് പാലക്കാട് സ്വദേശിയായ സുനിത കൃഷ്ണന്‍. തൃശൂര്‍ സ്വദേശിയായ ഡോ. സുന്ദര്‍ മേനോന്‍ യുഎഇയില്‍ പ്രവാസി വ്യവസായിയാണ്. ഗാന്ധി സ്മാരകനിധി ചെയര്‍മാനാണ് പി ഗോപിനാഥന്‍ നായര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News