ബാര്‍ കോഴ: ഹൈക്കോടതി വിമര്‍ശനം ഉമ്മന്‍ചാണ്ടിക്കു തുടരാനുള്ള അവകാശം നഷ്ടമാക്കിയെന്ന് കോടിയേരി; ബാബുവിന്റെ രാജിക്കത്ത് കൈമാറാന്‍ ഇനിയും വൈകരുത്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളോടെ ഉമ്മന്‍ചാണ്ടിക്കു മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍. കെ ബാബുവിന്റെ രാജിക്കത്തു പോക്കറ്റിലിട്ടു നടക്കാതെ എത്രയും പെട്ടെന്നു ഗവര്‍ണര്‍ക്കു കൈമാറണമെന്നും എകെജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ആവശ്യപ്പെട്ടു.

ധാര്‍മികമായി രാജിവയ്ക്കുന്നു എന്നാണ് ബാബു പറഞ്ഞത്. എന്നാല്‍ ഈ രാജിക്കത്ത് ഇപ്പോഴും ഉമ്മന്‍ചാണ്ടിയുടെ പോക്കറ്റിലാണ്. ഗവര്‍ണര്‍ക്കു രാജിക്കത്ത് കൈമാറാതെ ഹൈക്കോടതി സ്‌റ്റേ വാങ്ങി ബാബുവിനെ മന്ത്രിയായി തുടരാന്‍ അനുവദിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. ബാബുവിനെ തുടരാന്‍ അനുവദിക്കാന്‍ ഹൈക്കോടതിയോട് കേണപേക്ഷിക്കുന്ന സര്‍ക്കാരിനെയാണ് ഇന്ന് കണ്ടത്.

എന്നാല്‍ ഹൈക്കോടതി പറഞ്ഞത്, തൃശൂര്‍ വിജിലന്‍സ്‌കോടതി വിധിയില്‍ അപാകമില്ലെന്നാണ്. വിജിലന്‍സ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. അതായത്, രമേശ് ചെന്നിത്തലയുടെ ആഭ്യന്തരവകുപ്പിനെതിരെ മുഖ്യമന്ത്രിയുടെ കീഴിലുള്ള അഡ്വക്കേറ്റ് ജനറല്‍ പരസ്യ നിലപാടെടുത്തിരിക്കുകയാണ്. വിജിലന്‍സ് വകുപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറലിന് ഹൈക്കോടതിയില്‍ പറയാമെങ്കില്‍ അതു മുഖ്യമന്ത്രിയുടെ അഭിപ്രായമാണെന്നു വ്യക്തം. എജി സ്വീകരിച്ചത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ അഭിപ്രായമാണോ എന്നു വ്യക്തമാക്കണം. ഇതിനോട് കെപിസിസി പ്രസിഡന്റ് യോജിക്കുന്നുണ്ടോ എന്നു വി എം സുധീരനും പറയണം.

എജിയുടെ അഭിപ്രായത്തോട് രമേശ് ചെന്നിത്തലയുടെ നിലപാടെന്താണെന്നറിയേണ്ടതുണ്ട്. ഇന്നു കോടതിയില്‍നിന്നുണ്ടായിരിക്കുന്ന തിരിച്ചടി ഉമ്മന്‍ചാണ്ടിയുടെ മുഖത്തേറ്റ അടിയാണ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായി. ഈ കേസ് തുടര്‍ന്ന് അന്വേഷിച്ചാല്‍ അന്വേഷണം ചെന്നെത്തുക മുഖ്യമന്ത്രിയിലായിരിക്കും. അതുകൊണ്ടാണ് അന്വേഷണം തടയുന്നത്.

ബിജു രമേശ് കെഎം മാണിക്കും കെബാബുവിനെയും പണവുമായി സമീപിച്ചത് മുഖ്യമന്ത്രി നിര്‍ദേശിച്ചതുകൊണ്ടാണ്. അടച്ചിട്ട ബാറുകള്‍ തുറന്നുകിട്ടാന്‍ മന്ത്രിമാരെ സമീപിക്കണം, കാബിനറ്റ് തീരുമാനിക്കുന്നതിനു മുമ്പു മാണിയെയും ബാബുവിനെയും കുഞ്ഞാലിക്കുട്ടിയെയും കാണണമെന്ന് ബാറുടമകളോടു നിര്‍ദേശിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ബാറുടമകള്‍ സമീപിച്ചു. താന്‍ പണം വാങ്ങാന്‍ തയാറായില്ലെന്നും പെട്ടിരുന്നെങ്കില്‍ താനും കുടുങ്ങുമായിരുന്നെന്നു കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിരുന്നുവെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here