പെങ്ങളേ, മാപ്പ്

ല്പന പോയി. ഇത്, ഇന്ന് ഭൂമിമലയാളം നിറയുന്ന കല്പനാസ്മരണകളിലേയ്ക്ക്.

എണ്‍പത്തിരണ്ടിലാണ് ‘പോക്കുവെയില്‍’ വന്നത്. സാക്ഷാത്കാരം അരവിന്ദന്‍. നായകന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. വിഷയം അന്നത്തെ കൗമാരം. അന്നത്തെ യുവത്വം. അന്നത്തെ കവിത. അന്നത്തെ കലാപം. അന്നത്തെ കാലം. അന്നത്തെ കാലപരിണതിയും.

ക്യാമ്പസുകളില്‍ വരവുവെയിലായി ആ ചലച്ചിത്രകാവ്യം.

അതിലൊരു സീനുണ്ട്. നായകന്‍ സ്‌നേഹിതയ്ക്കു മുന്നില്‍ കവിത ചൊല്ലുന്നു. കവിത ‘യാത്രാമൊഴി’. ചൊല്ലുന്നത് ചുള്ളിക്കാട് തന്നെ. സ്‌നേഹിത, ഏതോ പുതുമുഖം.

തീരെ പൊറുത്തില്ല, ഞങ്ങള്‍. ക്യാമ്പസുകളെ തീയില്‍ക്കുളിപ്പിച്ച കവിത. കണ്ണീരില്‍ തുവര്‍ത്തിയ കവിത. ചൊല്ലുന്നത് ക്യാമ്പസുകളുടെ കവി. ഞങ്ങളുടെ തലമുറയുടെ പീഡിതനായ പ്രവാചകന്‍. കേള്‍ക്കുന്നതോ, ഒരു പരിഷ്‌കാരിച്ചി. ചക്കരമോറിച്ചി.

‘കുപ്പിച്ചില്ലുകള്‍പോലെ വന്നുകൊള്ളുന്ന വാക്കുകളും വരികളും കേള്‍ക്കുമ്പോഴത്തെ അവളുടെ ഭാവമുണ്ടല്ലോ, അത് തീരെപ്പോരാ!’ എന്ന് പരസ്യമായി വിധിച്ചു ക്യാമ്പസുകള്‍. ഞങ്ങള്‍ പറഞ്ഞു നടന്നു: ‘ആ മോന്ത കണ്ടാലറിയാം, അവള്‍ക്ക് ഒന്നും തിരിഞ്ഞിട്ടില്ലെന്ന്’.

പിന്നെ ആരോ കൂട്ടിച്ചേര്‍ത്തു: ‘മഹാരാജാസില്‍ ചുള്ളിക്കാടുതന്നെ കൂട്ടുകാരോടു പറഞ്ഞത്രെ. അവളുടെ മുഖത്തു നോക്കി കവിത ചൊല്ലേണ്ടി വന്നതായിരുന്നു പോക്കുവെയിലഭിനയത്തിലെ ഏറ്റവും മോശം നിമിഷങ്ങളെന്ന്’.

കുളിരുകോരി ഞങ്ങള്‍ക്ക്. അവനാണ് കവി.

അത് ചുള്ളിക്കാട് പറഞ്ഞതാണോ? അതോ, ഒരു ക്യാമ്പസ് ഐതിഹ്യമോ?

ആ ആര്‍ക്കറിയാം? ആരു തിരക്കുന്നു?

പക്ഷേ, തിട്ടംതിട്ടമായി അതും പറഞ്ഞ് ഞങ്ങള്‍, കേരളവര്‍മ്മക്കാര്‍, ‘ഊട്ടി’യിലും ജിംനേഷ്യം ഹാളിന്റെ പുറംതിണ്ണയിലും ഓഡിറ്റോറിയത്തിന്റെ പടവുകളിലും രസിച്ചുചിരിച്ചു.

കാലം കടന്നുപോയി. ക്യാമ്പസ് പഠിപ്പിക്കാത്ത പാഠങ്ങള്‍ മണ്ണിലും മനസ്സിലും മാനത്തും വരച്ചിട്ടുകൊണ്ട്.

ഞങ്ങളുടെ പുലഭ്യത്തിനിരപ്പെട്ട ആ മുഖം ബിഗ് സ്‌ക്രീനിലെ താരമുഖമായി. ഭാവമില്ലെന്ന് ഞങ്ങള്‍ വിധിച്ച ആ മുഖപ്രകൃതിയില്‍ നിന്ന് ഞങ്ങള്‍ ഭാവത്തിന്റെ നാനാര്‍ത്ഥങ്ങള്‍ പഠിച്ചു. ഒരു കവിതയ്ക്കല്ല, എത്രയോ കവിതകളുടെ വരികള്‍ക്ക് ആ മുഖപേശികള്‍ ദൃശ്യഭാഷ നല്കി. കല ജീവിതമാക്കിയതിന്റെ ശിക്ഷയേറ്റ് ആ നടി നമ്മുടെ ആണ്‍കോയ്മക്കാലത്തെ വേദനിക്കുന്ന പ്രവാചകയുമായി.

അപ്പോഴൊക്കെ ഓര്‍ത്തു, പോക്കുവെയിലിലെ പെണ്‍കഥാപാത്രം അരവിന്ദന്റെ മാനസപുത്രിയായിരുന്നുവെന്ന് എന്തേ ഞങ്ങളോര്‍ത്തില്ല? സംവിധായകന്‍ കല്പിച്ച കഥാപാത്രമായാണ്, അങ്ങനെ മാത്രമാണ്, കല്പന പോക്കുവെയിലിലെത്തിയതെന്നും ചുള്ളിക്കാടിന്റെ കവിത കേള്‍ക്കുന്ന സ്‌നേഹിതയ്ക്ക് ദൃശ്യഭാഷ്യം ചമച്ചതെന്നും ഞങ്ങളെന്തേ തിരിച്ചറിഞ്ഞില്ല?

പിന്നെ, ആ മുഖം ‘കൈരളി’യുടെ ഇടനാഴികളിലും കണ്ടു. ആര്‍ക്കുമുള്ള നിറഞ്ഞ ചിരിയുമായി. വല്ലപ്പോഴും ഉപചാരം ചൊല്ലുന്ന കൂടിക്കാഴ്ചകള്‍. അപ്പൊഴൊക്കെ ആ പഴയപാപക്കഥ ചുണ്ടോളം വന്നു. ഒരു തലമുറയ്ക്കു വേണ്ടി പൊറുതി പറയാന്‍ വിയര്‍ത്തു.

ഇപ്പോഴിതാ ആ മഹാനടി പോയി.

പറയാത്ത ഒരു മാപ്പ് എന്റെ തലമുറയുടെ ചുണ്ടിലും നെഞ്ചിലും ബാക്കി.

പെങ്ങളേ, മാപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here