കൗമാര കലാകിരീടം തുടര്‍ച്ചയായ 10-ാം വര്‍ഷവും കോഴിക്കോടിന്; 919 പോയിന്റുമായി ചാമ്പ്യന്‍മാര്‍; കിരീടം ചൂടുന്നത് 17-ാം തവണ

തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തുടര്‍ച്ചയായ 10-ാം വര്‍ഷവും കൗമാര കലാകിരീടം ചൂടി കോഴിക്കോട്. ഏഴു പോയിന്റുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ പാലക്കാടിനെ പിന്തള്ളിയാണ് കോഴിക്കോട് ചാമ്പ്യന്‍മാരായത്. 912 പോയിന്റുള്ള പാലക്കാട് രണ്ടാമതെത്തി. 908 പോയിന്റുമായി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തെത്തി. 904 പോയിന്റുള്ള മലപ്പുറമാണ് നാലാം സ്ഥാനത്ത്. 896 പോയിന്റുമായി എറണാകുളം ജില്ല അഞ്ചാമതെത്തി. കലോത്സവ ചരിത്രത്തില്‍ ആകെ 17-ാം തവണയാണ് കോഴിക്കോട് കിരീടം ചൂടുന്നത്. ചരിത്രത്തിലാദ്യമായി കോഴിക്കോട് കഴിഞ്ഞ തവണ ട്രിപ്പിള്‍ ഹാട്രിക് കിരീടം ചൂടിയിരുന്നു. ട്രിപ്പിള്‍ ഹാട്രിക് കിരീടം ചൂടിയ ഏക ജില്ലയും കോഴിക്കോട് ആണ്.

സ്‌കൂള്‍ ചാമ്പ്യന്‍മാര്‍ താഴെ പറയുന്നവരാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. 119 പോയിന്റാണ് ബിഎസ്എസ് സ്‌കൂള്‍ നേടിയത്. 68 പോയിന്റുള്ള കാസര്‍ഗോഡ് കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂളിനാണ് രണ്ടാംസ്ഥാനം. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിഭാഗത്തില്‍ ഇടുക്കി കുമാരമംഗലം എംകെഎന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. 120 പോയിന്റാണ് സ്‌കൂള്‍ സ്വന്തമാക്കിയത്. 112 പോയിന്റുള്ള മാന്നാര്‍ എന്‍എസ് ബോയ്‌സ് സ്‌കൂളാണ് രണ്ടാമത്.

അറബിക് കലോത്സവത്തില്‍ പാലക്കാട് എടത്തനാട്ടുകര ജിഒഎച്ച്എസ് ഒന്നാമതെത്തി. 40 പോയിന്റാണ് നേടിയത്. 37 പോയിന്റുള്ള കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാമതെത്തി. സംസ്‌കൃത കലോത്സവത്തില്‍ ഇടുക്കി നരിയംപാറ ഹയര്‍സെക്കണ്ടറി സ്‌കൂളാണ് ചാമ്പ്യന്‍മാരായത്. 55 പോയിന്റാണ് സമ്പാദ്യം. 45 പോയിന്റുള്ള ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ രണ്ടാമതെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here