സോളാര്‍ കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി; സരിതയെ മൂന്നു തവണ കണ്ടിട്ടുണ്ടാകാമെന്ന് മൊഴി; 14 മണിക്കൂര്‍ നീണ്ട വിസ്താരത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച വിസ്താരം അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് പൂര്‍ത്തിയായത്. വിസ്താരത്തിനിടെ പീപ്പിള്‍ ടിവി പുറത്തുവിട്ട സോളാര്‍ തട്ടിപ്പിനെക്കുറിച്ചും പുറത്തുവിട്ട തെളിവുകളും കമ്മീഷന്‍ പരാമര്‍ശിച്ചു. സോളാര്‍ തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവിധ കാര്യങ്ങളെപ്പറ്റി മുഖ്യമന്ത്രി കമ്മീഷന് മുന്നില്‍ പറഞ്ഞത്…

നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി

ബിജു രാധാകൃഷ്ണനെ പോലെ നുണ പരിശോധനയ്ക്ക് തയ്യാറാണോയെന്ന കമ്മീഷന്റെ ചോദ്യത്തിന് അല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഏതു സാഹചര്യത്തിലാണ് താന്‍ നുണ പരിശോധനയ്ക്ക് വിധേയമാകേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. സരിതയെ മൂന്നു തവണ കണ്ടിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. സോളാര്‍ അഴിമതി വഴി സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. താന്‍ തെറ്റ് ചെയ്തു എന്ന് ബോധ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത്

വിസ്താരം തുടങ്ങി ആദ്യ സമയങ്ങളില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാന്‍ സലിംരാജ്, ദില്ലിയിലെ പ്രതിപുരുഷനായ തോമസ് കുരുവിള എന്നിവരെപ്പറ്റിയാണ് വിശദീകരിച്ചത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജോപ്പനെ കോളേജ് പഠനകാലം മുതല്‍ അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോപ്പന്‍ എംഎല്‍എ ഹോസ്റ്റലില്‍ തന്റെ മുറിയില്‍ താമസിച്ചിട്ടില്ല. എഴുകോണ്‍ നാരായണന്റെ മുറിയിലാണ് ജോപ്പന്‍ താമസിച്ചത്. 2005 മുതലാണ് ജോപ്പനെ പേഴ്‌സണല്‍ സ്റ്റാഫിലുള്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

‘ജിക്കുമോനെ ചെറുപ്പകാലം മുതലെ അറിയാം. ജിക്കുമോന്റെ കുടുംബവുമായി ബന്ധമുണ്ട്. ജിക്കുമോന്‍ പഠന കാലത്ത് താമസിച്ചിരുന്നത് എംഎല്‍എ ഹോസ്റ്റലിലെ തന്റെ മുറിയിലാണ്. 2005 മുതല്‍ ജിക്കുമോന്‍ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തു.’ – മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോപ്പനും ജിക്കുമോനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൂടുതലായി കമ്മീഷന്‍ മുഖ്യമന്ത്രിയോട് ആരാഞ്ഞു.

ഗണ്‍മാനായ സലീംരാജ് തന്റെ മണ്ഡലത്തില്‍ പെട്ടയാളാണ്. 2011ല്‍ ആണ് സലിംരാജിനെ ഗണ്‍മാനാക്കിയത്. ദില്ലിയിലെത്തുമ്പോള്‍ പല അവസരങ്ങളിലും തോമസ് കുരുവിളയെ കാണാറുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകനാണ് തോമസ് കുരുവിള. കുരുവിളക്ക് പ്രതിഫലമൊന്നും നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സോളാര്‍ തട്ടിപ്പ് പുറത്തുവിട്ടത് പീപ്പിള്‍ ടിവി

പീപ്പിള്‍ ടീവിയാണ് സോളാര്‍ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നതെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍. ഫോണ്‍കോള്‍ രേഖകളടക്കം തെളിവുകള്‍ പുറത്തുവിട്ടത് പീപ്പിള്‍ ടിവിയെന്നും കമ്മീഷന്‍ പറഞ്ഞു.

സരിതയെക്കുറിച്ച് മുഖ്യമന്ത്രി

സരിതയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളെക്കുറിച്ച് അന്വേഷണത്തെക്കുറിച്ച് ഒരു പരാതിയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. 33 കേസും ചുരുങ്ങിയ കാലയളവില്‍ അന്വേഷിച്ചു. ഒരു കേസില്‍ പ്രതികളെ ശിക്ഷിച്ചുവെന്നും സോളാര്‍ കമ്മീഷന്റെ ചോദ്യങ്ങളോട് മുഖ്യമന്ത്രി വിശദീകരിച്ചു.

ടീം സോളാറിനെക്കുറിച്ച് ആദ്യം അറിയുന്നത് സരിതയുടെ അറസ്റ്റോടെയാണ്. 2013ലാണ് ഇതേപ്പറ്റി അറിയുന്നത്. ബിജു രാധാകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് എംഐ ഷാനവാസ് എംപിയാണ്. അതനുസരിച്ചാണ് ബിജു എറണാകുളം ഗസ്റ്റ് ഹൗസല്‍ വെച്ച് തന്നെ കണ്ടത്. അന്ന് പറഞ്ഞ വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ കൈവശം ലഭിക്കുന്ന ചെക്കുകള്‍ക്ക് നന്ദി പറഞ്ഞ് അപ്പോള്‍ തന്നെ തന്റെ ലെറ്റര്‍ഹെഡില്‍ അക്‌നോളജ്‌മെന്റ് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അന്വേഷണ സംഘത്തിന് വിമര്‍ശനം

മുഖ്യമന്ത്രിയെ വിശദീകരിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനമാണ് സോളാര്‍ ജുഡീഷ്യല്‍ അനവേഷണ കമ്മീഷന്‍ അന്വേഷണ സംഘത്തിനെതിരെ ഉയര്‍ത്തിയത്. സോളാര്‍ തട്ടിപ്പ് കേസിലെ പൊതു താല്‍പര്യം അന്വേഷണ സംഘം പരിഗണിച്ചില്ലന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പരാതിക്കാര്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണ് അന്വേഷിച്ചത്. ഉന്നതരുമായുള്ള ബന്ധവും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

ശ്രീധരന്‍ നായരെ ഓഫീസില്‍വെച്ച് കണ്ടിട്ടില്ല

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സെക്രട്ടറിയേറ്റില്‍ വന്നതായി ഓര്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സരിതയും ശ്രീധരന്‍ നായരും ഒരുമിച്ച് കണ്ടിട്ടില്ല. പണം നഷ്ടപ്പെട്ടതായി ശ്രീധരന്‍ നായര്‍ തന്നോട് പറഞ്ഞിട്ടുമില്ല. പക്ഷേ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഒരുമിച്ച് ഓഫീസില്‍ ഉണ്ടല്ലോ എന്നായിരുന്നുവെന്ന് കമ്മീഷന്‍ ചോദിച്ചു. അക്കാര്യത്തെപ്പറ്റി അറിയില്ല, ചിലപ്പോള്‍ വന്നുകാണും, താന്‍ കണ്ടിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ടീം സോളാര്‍ നല്‍കിയത് 2 ലക്ഷം രൂപയുടെ വണ്ടി ചെക്കായിരുന്നു. തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഇത് ചെയ്തത്.

വിജ്ഞാന്‍ ഭവനില്‍ വെച്ച് സരിതയെ കണ്ടിട്ടില്ല

ദില്ലി വിജ്ഞാന്‍ ഭവനില്‍ വെച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ കണ്ടിട്ടില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തോമസ് കുരുവിള സരിതക്കായ് അപ്പോയിന്മെന്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന കമ്മീഷന്റെ വിസ്താരം 1.15ഓടെ പൂര്‍ത്തിയായി. തുടര്‍ന്ന് 2.15ഓടെയായിരുന്നു കക്ഷികളുടെ അഭിഭാഷകരുടെ വിസ്താരം. ബിജു പറഞ്ഞപ്പോഴാണ് സരിത 2 തവണ കണ്ടിരുന്നതായി ഓര്‍മ വന്നത്. പിന്നെ കടപ്ലാമറ്റത്തെ പരിപാടിയിലും സരിതയെ കണ്ടുെവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടീം സോളാറിന് ആനുകൂല്യങ്ങള്‍ ലഭിച്ചോ എന്ന് ശ്രദ്ധിച്ചില്ല

ടീം സോളാറിന് സംസ്ഥാന സര്‍ക്കാറിന്റെ സബ്‌സിഡികള്‍ ലഭിച്ചില്ലേയെന്ന് കമ്മീഷന്‍ അഭിഭാഷകന്‍ ചോദിച്ചു. അനര്‍ട്ടിന്റെ എംപാനല്‍ ഏജന്‍സിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിച്ചില്ലേ എന്ന ചോദ്യത്തിന് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരെ ഒഴിവാക്കിയത് ഫോണ്‍ ദുരുപയോഗത്തിന്

ക്ലിഫ് ഫൗസില്‍ നിന്ന് സരിതയെയും തിരിച്ചും വിളിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് അറിഞ്ഞാണ് ബന്ധപ്പെട്ടവരെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ടീം സോളാറുമായി ഇടത് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ ആരോപണത്തെക്കുറിച്ച് ബന്ധമുണ്ടോ എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടേംസ് ഓഫ് റഫറന്‍സിനെപ്പറ്റി

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചേര്‍ക്കാതിരുന്നതെന്തെന്ന് ബിജെപിയുടെ അഭിഭാഷകന്‍ മുഖ്യമന്ത്രിയോട് ആരാഞ്ഞു. പല ആരോപണങ്ങളും വന്നപ്പോള്‍ എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയില്‍ വരട്ടെയെന്നാണ് ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം ഉള്‍പ്പടെയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ തുറന്ന സമീപനമാണ് എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പരാതി ഒരാള്‍ക്കുമാത്രം

സോളാര്‍ തട്ടിപ്പിനരയായ ടിസി മാത്യു മാത്രമാണ് തന്നോട് പരാതി പറഞ്ഞത് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനെ അറിയിച്ചു.  തന്റെ ഓഫീസിലെ സിസിടിവി കഴിഞ്ഞ സര്‍ക്കാര്‍ ആണ് സ്ഥാപിച്ചത്. 14 ദിവസം മാത്രമേ ദൃശ്യങ്ങള്‍ സൂക്ഷിക്കാനാവൂ എന്ന് വിദഗ്ധ സംഘവും കണ്ടെത്തിയ കാര്യമാണ് എന്നും ഉമ്മന്‍ചാണ്ടി  വിസ്താരത്തിനിടെ പറഞ്ഞു.

കുരുവിളയുടെ സാമ്പത്തിക പശ്ചാത്തലം അറിയില്ല

സരിതയുടെ അറസ്റ്റിന് ശേഷമാണ് ജോപ്പനെക്കുറിച്ച് പിസി ജോര്‍ജ് പരാതി പറഞ്ഞത് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. തോമസ് കുരുവിളയുമായി ചാണ്ടി ഉമ്മന് ബന്ധമില്ല. തോമസ് കുരുവിളയുടെ സാമ്പത്തിക പശ്ചാത്തലവും അറിയില്ല. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എതിരെ കേസിനു പോയാല്‍ അതിനേ സമയം കാണുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ശ്രീധരന്‍ നായര്‍ പരിചയക്കാരന്‍, കണ്ടത് ഒരുതവണ

കേരള ഹൗസില്‍ റൂമെടുത്തത് പേഴ്‌സണല്‍ സ്റ്റാഫിന്റെ പേരില്‍ അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുക്യമന്ത്രിയുടെ മൊഴി തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ അഭിഭാഷകന്‍ ഹാജരാക്കി. 204 നമ്പര്‍ മുറിയില്‍ മുഖ്യമന്ത്രിയുടെ പേരിലും 203-ാം നമ്പര്‍ മുറി പേഴ്‌സണല്‍ സ്റ്റാഫിന്റെ പേരിലുമാണ്. ശ്രീധരന്‍ നായര്‍ പരിചയക്കാരനാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഒരു തവണയേ കണ്ടിട്ടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ സംഘം തെളിവ് നശിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പീപ്പിളിനെ പരാമര്‍ശിച്ച് കമ്മീഷന്‍ വീണ്ടും

പീപ്പിള്‍ ടിവിക്ക് ടെലഫോണ്‍ രേഖകള്‍ നല്‍കിയതായി ആരോപിച്ച് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തതായി അറിയില്ലേയെന്ന് കമ്മീഷന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. മുന്നു പേര്‍ക്കെതിരെ നടപടിയെടുത്തത് പീപ്പിള്‍ ടിവിക്ക് വിവരം നല്‍കിയതിനെന്ന് മനസിലാക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News