മലപ്പുറത്തിന്റെ ഹൃദയച്ചുവപ്പറിഞ്ഞ് നവകേരള മാര്‍ച്ച്; ജനനായകനെ വരവേറ്റ് ആയിരങ്ങള്‍

മലപ്പുറം: മൂന്നാം ദിനവും മലപ്പുറത്തിന്റെ ചുവന്ന ഹൃദയത്തേരിലേറി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച്. മൂന്നാംദിനം നാലു കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയത്. കോട്ടക്കല്‍ മണ്ഡലത്തിന്റെ ഭാഗമായ വളാഞ്ചേരിയിലായിരുന്നു ആദ്യ സ്വീകരണം. കാലിക്കറ്റ് സര്‍വകലാശാലയുടെ കുത്തഴിഞ്ഞ ഭരണവും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണവും പരാമര്‍ശിച്ച് ആയിരങ്ങളെ ആവേശത്തിലാഴ്ത്തിയാണ് പിണറായി വിജയന്‍ പ്രസംഗിച്ചത്.

അടുത്ത സ്വീകരണ കേന്ദ്രം മങ്കട മണ്ഡലത്തിന്റെ ഭാഗമായ അങ്ങാടിപ്പുറത്തായിരുന്നു. തുടര്‍ന്ന് മലപ്പുറത്തിന്റെ ഹൃദയഭാഗമായ മഞ്ചേരിയിലേക്ക്. അവസാനത്തെ സ്വീകരണ കേന്ദ്രം മലപ്പുറമായിരുന്നു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് ജനനായകനു വരവേല്‍പ് നല്‍കാന്‍ ഒത്തുകൂടിയത്.

മലപ്പുറത്തിന്റെ തെരുവീഥികള്‍ ചുവപ്പണിഞ്ഞിരുന്നു. നാളെ ജില്ലയുടെ മലയോര മേഖലയിലാണ് സ്വീകരണം ഒരുക്കുന്നത്. നാലു സ്ഥലങ്ങളിലാണ് പര്യടനം. അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് പര്യടനം. ജില്ലയിലെ നാലു ദിവസത്തെ പര്യടനം ഇതോടെ പൂര്‍ത്തിയാകും.

രാവിലെ എടപ്പാളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരലില്‍ പിണറായി വിജയന്‍ പങ്കെടുത്തു. കെപി രാമനുണ്ണി അടക്കം സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവരും ഡോക്ടര്‍മാരും സംഗമത്തില്‍ പങ്കെടുത്തു. ഇടക്ക കൊട്ടിയാണ് പിണറായിയെ സ്വീകരിച്ചത്. പലതരത്തിലുള്ള വിഷയങ്ങളും ചര്‍ച്ചയായി. ആരോഗ്യരംഗത്തെ വിഷയങ്ങളും ചര്‍ച്ചയായി.

അതിനുശേഷം തവനൂര്‍ വൃദ്ധമന്ദിരത്തിലേക്കാണ് പോയത്. ഗോവിന്ദന്‍ മാസ്റ്റര്‍, കെടി ജലീല്‍ എംഎല്‍എ എന്നിവര്‍ കൂടെയുണ്ടായിരുന്നു. അന്തേവാസികള്‍ പിണറായിയെ സ്വീകരിച്ചു. എല്ലാവര്‍ക്കും പറയാനുള്ളത് പിണറായി കേട്ടു. ലൈബ്രറിയും കിടപ്പു സൗകര്യവും പരിശോധിച്ചു. മഹിളാ മന്ദിരം, റസ്‌ക്യൂ ഹോം, ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളില്‍ നിന്നായി 100ഓളം പേര്‍ ഉണ്ടായിരുന്നു. വൈകുന്നേരം വിശ്രമജീവിതം നയിക്കുന്ന ടി ശിവദാസ മേനോനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News