സ്‌കൂള്‍ കായികമേളയ്ക്കായി കോഴിക്കോട് ഒരുങ്ങി; ടീമുകള്‍ ബുധനാഴ്ചയോടെ എത്തും; കൂടുതല്‍ മീറ്റ് റെക്കോര്‍ഡുകള്‍ പിറക്കുമെന്ന് പ്രതീക്ഷ

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയ്ക്കായി കോഴിക്കോട് ഒരുങ്ങി. 19ാം തവണയും തുടര്‍ച്ചയായി കിരീടമുയര്‍ത്താനുള്ള തീവ്ര പരിശീലനത്തിലാണ് കേരള ടീം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ ബുധനാഴ്ചയോടെ കോഴിക്കോടെത്തും.

സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ പതിനെട്ട് വര്‍ഷം കിരീടമുയര്‍ത്തിയ റെക്കോര്‍ഡ് ചരിത്രവുമായാണ് കേരളം സ്വന്തം മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇത്തവണ അങ്കത്തട്ടില്‍ കിരീടമുയര്‍ത്താന്‍ 106 അംഗ ടീമിനെയാണ് അണിനിരത്തുന്നത്. ഇതില്‍ പകുതിയിലേറെപ്പേര്‍ കോഴിക്കോട്ടെ പരിശീലന ക്യാമ്പിലെത്തിക്കഴിഞ്ഞു. ട്രാക്കിലും ഫീല്‍ഡിലും കേരളം ഒരു പോലെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്. ട്രാക്കില്‍ ദീര്‍ഘദൂര… മധ്യദൂര… സ്പ്രിന്റ് ഇനങ്ങളിലും ജംപ് ഇനങ്ങളിലും കേരളത്തിന്റെ താരങ്ങള്‍ക്ക് മികച്ചനേട്ടം കൊയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ താരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ കായികാധ്യാപിക ഷിബി മാത്യു പറഞ്ഞു.

ചരിത്രത്തില്‍ കേരളം ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടിയത് 2009ല്‍ കൊച്ചിയില്‍ നടന്ന സ്‌കൂള്‍ കായികമേളയിലാണ്. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഹരിയാനയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിന് കനത്ത വെല്ലുവിളി നേരിടേണ്ടി വരും. മെഡിക്കല്‍ കോളേജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമെന്ന് താരങ്ങളും പരിശീലകരും വിലയിരുത്തിയ സ്റ്റേഡിയത്തില്‍ കൂടുതല്‍ മീറ്റ് റെക്കോര്‍ഡുകള്‍ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ കാണികളെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ സ്റ്റേഡിയത്തില്‍ താത്ക്കാലിക ഗ്യാലറികള്‍ ഒരുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News