രോഹിത് വെമുല ദളിതനല്ലെന്ന ആന്ധ്ര പൊലീസ് റിപ്പോര്‍ട്ട് ആസൂത്രിതം; രോഹിത് പട്ടിക വിഭാഗമായ മാല സമുദായക്കാരന്‍; തഹസില്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിടുന്നു

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അധികാരികളുടെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നു തെളിയുന്നു. രോഹിത് വെമുല പട്ടികജാതിയായ ‘മാല’ സമുദായക്കാരനാണെന്ന തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിടുന്നു. കേസില്‍ ആരോപണവിധേയരായ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയെയും ബന്ദാരു ദത്താത്രേയയെയും എച്ച് സി യു വൈസ് ചാന്‍സലര്‍ ഡോ. അപ്പറാവുവിനെയും രക്ഷിക്കാന്‍ രോഹിത് ദൡത് വിഭാഗക്കാരനല്ലെന്ന് ആന്ധ്രയിലെ ഗുണ്ടൂര്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു കെട്ടിച്ചമച്ചതാണെന്നു വ്യക്തമാക്കുന്നതാണ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിടുന്ന തഹസില്‍ദാരുടെ സാക്ഷ്യപത്രം.

ദളിത് വിഭാഗക്കാരനാണ് രോഹിത് എന്നു തെളിഞ്ഞാല്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ, വിസി അപ്പറാവു എന്നിവരെ തൊട്ടടുത്ത നിമിഷം അറസ്റ്റ് ചെയ്യേണ്ട സാഹചര്യവും ഇവര്‍ക്കെതിരേ ഗുരുതരമായ എസ് സി/എസ് ടി അധിക്ഷേപം തടയല്‍ നിയമപ്രകാരം കേസെടുക്കുന്നതും ഒഴിവാക്കാനുമാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതെന്നു വ്യക്തം. മാലാ സമുദായക്കാരനെന്ന നിലയില്‍ സംവരണത്തിന് അര്‍ഹതയുണ്ടെങ്കിലും മികച്ച മാര്‍ക്കുകള്‍ നേടിയിരുന്നതിനാല്‍ ഇക്കാലമത്രയും കോഴ്‌സുകളില്‍ ജനറല്‍ മെരിറ്റിലായിരുന്നു രോഹിത് പ്രവേശനം നേടിയിരുന്നത്. ദേശീയതലത്തിലെ മത്സരപ്പരീക്ഷകള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് സാധാരണഗതിയില്‍ തഹസില്‍ദാര്‍ സാക്ഷ്യപത്രം നല്‍കുന്നത്. ജാതി സംബന്ധിച്ച ഏറ്റവും ആധികാരികമായ രേഖയായാണ് ഇതു പരിഗണിക്കപ്പെടുക.

caste-1

രോഹിത് ആന്ധ്രയിലെ പിന്നാക്ക വിഭാഗമായ വദ്ദേര സമുദായക്കാരനാണെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്. സര്‍വലാശാലയാകട്ടെ സംവരണാനുകൂല്യം ഉപയോഗിച്ചിരുന്നില്ലെന്നതാണ് രോഹിത് ദളിതനല്ലെന്നു വരുത്തിതീര്‍ക്കാന്‍ ചൂണ്ടിക്കാട്ടിയ ന്യായം. ഇതെല്ലാം തെറ്റാണെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞവര്‍ഷം ജൂണില്‍ ഗുണ്ടൂര്‍ മണ്ഡല്‍ തഹസില്‍ദാര്‍ കെ ശിവനാരായണ മൂര്‍ത്തി നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നത്.

constitution

1950-ലെ ഭരണഘടനയുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഓര്‍ഡര്‍ അനുസരിച്ചാണ് ആന്ധ്രപ്രദേശിലെ മുപ്പത്തഞ്ചാം ജാതിയായി മാല വിഭാഗക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2015 ജൂണ്‍ പതിനാറിനാണ് തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജാതി സര്‍ട്ടിഫിക്കറ്റില്‍തന്നെ പട്ടികജാതിക്കാരനാണ് രോഹിത് എന്നു വ്യക്തമാക്കുന്നുണ്ട്. താന്‍ പട്ടികജാതിക്കാരിയാണെന്ന രോഹിതിന്റെ മാതാവ് രാധികയുടെ വാദത്തെ ശരിവയ്ക്കുന്നതാണ് ജാതി സര്‍ട്ടിഫിക്കറ്റെന്നും വ്യക്തം. അതേസമയം, ഈ തെളിവുകളെല്ലാം കണ്ടില്ലെന്നു നടിച്ചാണ് കേന്ദ്ര മന്ത്രിയെയും വിസിയെയും രക്ഷിക്കാന്‍ രോഹിത് ദളിത് വിഭാഗക്കാരനല്ലെന്ന പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

രോഹിതിന്റെ മാതാവ് രാധിക മാലാ സമുദായക്കാരിയും പിതാവ് വദ്ദേര സമുദായക്കാരനുമാണ്. പിതാവിന്റെ ജാതി ചൂണ്ടിക്കാട്ടിയാണ് മറ്റു പിന്നാക്ക വിഭാഗക്കാരനാണ് രോഹിത് എന്ന റിപ്പോര്‍ട്ട് പൊലീസ് നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ രോഹിതിന്റെ പിതാവും മാതാവും വേര്‍പിരിഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ രോഹിത് മാതാവിനൊപ്പമാണ് താമസം. മാതാവാണ് രോഹിതിന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കിയിരുന്നത്. സ്‌കൂളില്‍ ചേര്‍ക്കുമ്പോഴേ മാലാ വിഭാഗക്കാരനാണെന്നാണ് രേഖകളില്‍ ചേര്‍ത്തിരുന്നത്. ഇതാണ് പെട്ടെന്നു രോഹിത് മരിച്ചു കഴിഞ്ഞപ്പോള്‍ പട്ടികജാതിക്കാരനല്ലെന്നു വരുത്തിത്തീര്‍ത്തു റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News