സ്വച്ഛഭാരതിനായി കോടികളൊഴുക്കുന്ന പ്രധാനമന്ത്രിയും സര്‍ക്കാരും അറിയാന്‍; വീട്ടില്‍ ടോയ്‌ലെറ്റില്ലാത്തതില്‍ വിഷമിച്ച് 17 വയസുകാരി ജീവനൊടുക്കി

നല്‍ഗോണ്ട: സ്വച്ഛ്ഭാരത് പദ്ധതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മുടക്കുന്ന കോടികള്‍ എവിടെപ്പോകുന്നു എന്ന ചോദ്യം ഉയരുന്നതിനിടെ തെലങ്കാനയില്‍നിന്നു രാജ്യത്തെ ഞെട്ടിച്ച് ഒരു ആത്മഹത്യ. വീട്ടില്‍ ടോയ്‌ലെറ്റില്ലാത്തതില്‍ മനംനൊന്ത് പതിനേഴു വയസുകാരി ജീവനൊടുക്കി. നല്‍ഗോണ്ടയിലെ ഗുണ്ടാല ഗ്രാമത്തില്‍ കടപാര്‍ഥി സത്തയയുടെയും നാഗമ്മയുടെയും മകള്‍ സുരേഖയാണ് ആത്മഹത്യ ചെയ്തത്.

രണ്ടാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിനിയാണ് സുരേഖ. പ്രാഥമികാവശ്യങ്ങള്‍ക്കു വീടിനു പുറത്തു വെളിമ്പ്രദേശത്താണ് പോയിരുന്നത്. താന്‍ ഇതില്‍ ബുദ്ധിമുട്ടുന്നുവെന്നും വീട്ടില്‍ ടോയ്‌ലെറ്റു നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്നു പലവട്ടം സുരേഖ മാതാപിതാക്കളോടു പറഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം മകളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു സാധിച്ചിരുന്നില്ല. താന്‍ പറയുന്നത് വീട്ടുകാര്‍ വേണ്ടത്ര ഗൗരവത്തോടെ കേള്‍ക്കുന്നില്ലെന്നും സുരേഖ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം മാതാപിതാക്കള്‍ വീടിനു പുറത്തുപോയ സമയത്തു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. വീട്ടില്‍നിന്നു പുകയുയരുന്നതു കണ്ട് അയല്‍വാസികള്‍ എത്തിയെങ്കിലും അപ്പോഴേക്കും സുരേഖ മരിച്ചിരുന്നു. ഗുണ്ടാല പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here