എല്ലാ ദിവസവും നിറതോക്കുമായി പട്ടാളക്കാര്‍ ഇറങ്ങും; തോക്കിന്റെ പത്തി കൊണ്ട് കഴുത്തിന് ഇടിക്കും; ഭൂകമ്പബാധിതരെ സഹായിക്കാന്‍ മണിപ്പൂരിലെത്തിയ കിംഗ് ജോണ്‍സ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

ഭൂകമ്പബാധിതരെ സഹായിക്കാന്‍ മണിപ്പൂരിലെത്തിയ തനിക്ക് അനുഭവിക്കേണ്ടി വന്നത് പ്രത്യേക സൈനികനിയമത്തിന്റെ മറവിലുള്ള ക്രൂരതകളാണെന്ന് കിംഗ് ജോണ്‍സ്. ഗുവാഹട്ടിയില്‍ നിന്ന് ഇംഫാലിലേക്കുള്ള യാത്രയെ കുറിച്ച് കിംഗ് ജോണ്‍സ്.

മണിപ്പൂര്‍ ഡയറി

ഗുവാഹട്ടിയില്‍ നില്‍ക്കുമ്പോഴും ചില സുഹൃത്തുക്കള്‍ റോഡ്‌ മാര്‍ഗം ഇംഫാലില്‍ പോവുന്നത് അപകടകരമാണ് എന്ന് ഉപദേശിച്ചു കൊണ്ടിരുന്നു . ഗുവാഹട്ടിയില്‍ നിന്നും 12 മണിക്കൂറോളം ബസ് യാത്രയുണ്ട് ഇംഫാലിലേക്ക് . 800 രൂപ കൊടുത്താല്‍ ലോട്ടറി പോലെയുള്ള വലിയ ടിക്കറ്റ് ലഭിക്കും . ട്രാവല്‍ ഏജന്റിന്റെ കയ്യില്‍ ഐഡി കാര്‍ഡ് കൊടുത്തപ്പോള്‍ “നിങ്ങള്‍ ഒറ്റയ്ക്കാണോ?” എന്ന് സംശയത്തോടെ നോക്കി . അയാളും കൂടി മുന്നറിയിപ്പ് തന്നപ്പോള്‍ ഞാന്‍ തീരുമാനം ഒന്ന് മാറ്റി .

1600 രൂപയ്ക്ക് എയര്‍ ഏഷ്യയുടെ ചെറിയ വിമാനം സര്‍വീസ് നടത്തുന്നുണ്ട് ഒരുമണിക്കൂര്‍ യാത്ര. റോഡില്‍ ഓരോ അഞ്ചു കിലോ മീറ്ററിലും പട്ടാള ചെക്ക് പോസ്റ്റുകള്‍ . ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു അന്യദേശ ക്കാരന്‍ സെക്യൂരിറ്റി ചെക്കില്‍ ബസുകാര്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന സമയ നഷ്ടം . റിബലുകളുടെ വഴി തടയല്‍ . കൈക്കൂലി എന്ന പേരില്‍ പട്ടാളക്കാരുടെ കൊള്ള , ജനകീയ ഫണ്ട് എന്ന പേരില്‍ റിബലുകളുടെ കൊള്ള . ഇത് രണ്ടുമല്ലാത്ത തനി കൊള്ളക്കാര്‍ . തണുത്തുറഞ്ഞ കാലാവസ്ഥ . ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ മുന്നില്‍ നിരന്നപ്പോള്‍ ഞാന്‍ ഗുവഹട്ടിയില്‍ നിന്നും ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു .

ഇംഫാല്‍ – ഇറോം ഷര്‍മിളയുടെ നഗരം

മഞ്ഞു മൂടിയ കാലാവസ്ഥ കാരണം വിമാനം മൂന്നു മണിക്കൂറോളം വൈകിയിരുന്നു . ഇംഫാലില്‍ ഇറങ്ങുമ്പോള്‍ രണ്ടു ദിവസം മുന്‍പ് റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഒരു തുടര്‍ ചലനം കൂടി ഉണ്ടായിരുന്നു . പൊതുവേ എല്ലാവരും തന്നെ ഭൂചലന ഭീതിയില്‍ ആയിരുന്നു . ലോഡ്ജുകളില്‍ ഒക്കെ മുറി കിട്ടാന്‍ വലിയ പ്രയാസം .

ഗ്രൌണ്ട് ഫ്ലോറിലെ മുറികള്‍ മൂന്നും നാലും ആള്‍ക്കാര്‍ ചേര്‍ന്ന് പങ്കു വയ്ക്കുകയാണ് . ഉറങ്ങുമ്പോള്‍ മുറിയുടെ വാതില്‍ പൂട്ടാറില്ല . ടോയ് ലെറ്റില്‍ പോവുമ്പോഴും വാതില്‍ പൂട്ടാറില്ല ഏതു സമയവും പുറത്തേക്ക് ഓടാന്‍ പറ്റിയ രീതിയില്‍ പാതിയുറക്കം .

ഫേസ് ബുക്കില്‍ നിന്നും ആകെ പരിചയപ്പെട്ടത്‌ ഭൂകമ്പ ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന വര്‍ക്കേഴ്സ് യൂണിയന്‍ പ്രവര്‍ത്തകരെയാണ് . അവരിലൂടെയല്ലാതെ ഭൂകമ്പ ബാധിതരുടെ അടുത്ത് എത്തുക അസാധ്യമായിരുന്നു .

ഞാന്‍ ഇംഫാലില്‍ നടക്കാന്‍ ഇറങ്ങി , ഭൂകമ്പം കൊണ്ട് പാടെ തകര്‍ന്ന മാര്‍കറ്റ്‌ നടന്നു കണ്ടു . തണുപ്പ് അസഹ്യമായപ്പോള്‍ ഒരു ചെറുപ്പകാരന്‍ ടിബറ്റന്‍ മോമോ വഴിയരുകില്‍ ഇരുന്നു വില്‍ക്കുന്നത് കണ്ടു . നല്ല ചൂടുള്ള സൂപ്പും . വഴിയരുകില്‍ ഇരുന്നു കൊണ്ട് ഞാന്‍ മോമോയും സൂപ്പും കഴിച്ചു തുടങ്ങി . സമയം ഏതാണ്ട് വൈകിട്ട് അഞ്ചര ആയിട്ടുണ്ടാവും . തെരുവിന്‍റെ അറ്റത്ത് എന്തോ ബഹളം കേള്‍ക്കാം . ആളുകള്‍ പരിഭ്രാമിക്കുന്നോന്നും ഇല്ല പകരം പതിവ് തമാശ ആസ്വദിക്കുന്നത് പോലെ ചിരിക്കുകയാണ് . അത് കൊണ്ട് ഞാനും വലിയ ശ്രദ്ധ കൊടുത്തില്ല .

പക്ഷെ ഒരു മൂന്നു മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരാള്‍ കനത്ത ബൂട്ട് ഇട്ടു കൊണ്ട് എന്റെ പ്ലേറ്റ് ചവുട്ടി തെറിപ്പിച്ചു . ഒരു കുറിയ മണിപ്പൂരി പട്ടാളക്കാരനാണ്‌ . എന്റെ അമ്മയുടെയും സഹോദരിയുടെയും ചാരിത്ര്യത്തെകുറിച്ച് അത്ര സര്‍ഗാത്മകമല്ലാത്ത ഒരു പരാമര്‍ശം നടത്തിയിട്ട് എന്നോട് എഴുന്നേറ്റു മാറാന്‍ ആക്രോശിച്ചു . റോഡിലേക്ക് കാലുകള്‍ നീട്ടിയിരുന്നാണത്രെ ഞാന്‍ ഭക്ഷണം കഴിച്ചത് .

എല്ലാ ദിവസവും വൈകുന്നേരം നിറതോക്കുമായി പട്ടാളക്കാര്‍ ഇറങ്ങും . ട്രാഫിക് അല്പം തെറ്റിച്ചു എന്ന് കണ്ടാല്‍ അത് മാരുതി 800 ആയാലും ബെന്‍സ് ആയാലും അവര്‍ നാല് ടയറി ന്‍റെ യും കാറ്റൂരി വിടും . ഓടിക്കുന്ന ആളുടെ കഴിത്തിന് പിന്നില്‍ തോക്കിന്റെ പാത്തി കൊണ്ട് ഉന്തും .

ക്യാമറ എടുക്കുക അസാധ്യമായിരുന്നു . ഞാന്‍ ഈ രംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണാക്കി . ഫോണില്‍ സംസാരിക്കുന്ന രീതിയില്‍ ചെവിയോടു ചേര്‍ത്തു പിടിച്ച് ചിത്രങ്ങള്‍ എടുത്തു കൊണ്ടിരുന്നു .

വരാനിരിക്കുന്ന ദിവസങ്ങള്‍ പക്ഷേ ഇതിലും കഠിനമായിരുന്നു

( തുടരും )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News