അഡലെയ്ഡില്‍ പകരംവീട്ടി ഇന്ത്യ; ഓസീസിനെ തോല്‍പിച്ചത് 37 റണ്‍സിന്; കങ്കാരുക്കളെ തുരത്തിയത് സ്പിന്നര്‍മാര്‍

അഡലെയ്ഡ്: ഏകദിന പരമ്പരയിലെ തോല്‍വിക്കു ഇന്ത്യ അഡലെയ്ഡില്‍ മധുരമായി പകരംവീട്ടി. അഡലെയ്ഡില്‍ നടന്ന ആദ്യ ട്വന്റി-20 മത്സരത്തില്‍ 37 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ തോല്‍പിച്ചത്. 189 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് 151 റണ്‍സെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. സ്പിന്നര്‍മാരാണ് ഓസ്‌ട്രേലിയയെ കങ്കാരുപ്പടയെ തുരത്തിയത്. ബുംറ മൂന്നു വിക്കറ്റു വീഴ്ത്തി. അശ്വിനും ജഡേജയും ഹര്‍ദിക് പാണ്ഡ്യയും രണ്ടുവിക്കറ്റു വീതം വീഴ്ത്തി. ജയത്തോടെ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെട്ട ട്വന്റി-20 പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

189 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനു ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. എന്നാല്‍, ഫിഞ്ച് ചെറുത്തുനിന്നപ്പോഴും ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. 17 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ ബൂംറയും 21 റണ്‍സെടുത്ത സ്മിത്തിനെ ജഡേജയും പുറത്താക്കി. ചെറുത്തുനില്‍ക്കുകയായിരുന്ന 41 റണ്‍സെടുത്ത ഫിഞ്ചിനെ അശ്വിനും 2 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ജഡേജയും വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇതോടെ പ്രതിസന്ധിയിലായ ഓസീസിനു പിന്നെ നില്‍ക്കക്കള്ളിയുണ്ടായിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. ക്രിസ് ലിന്‍ 17ഉം വാട്‌സണ്‍ 12ഉം മാത്യു വേഡ് 5ഉം ഫോക്‌നര്‍ 10ഉം കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 9ഉം റണ്‍സെടുത്തു പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റു നഷ്ടത്തില്‍ 188 റണ്‍സെടുത്തു. വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ചുറി പ്രകടനവും ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സുരേഷ് റെയ്‌നയുടെ തകര്‍പ്പന്‍ ബാറ്റിംഗുമാണ് ഇന്ത്യക്ക് തുണയായത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്‌ലിയും റെയ്‌നയും അഡലെയ്ഡില്‍ ഒരു വെടിക്കെട്ടു തന്നെ തീര്‍ത്തു. പന്ത് ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്കും പാഞ്ഞു. ബൗളര്‍മാര്‍ വിയര്‍പ്പൊഴുക്കി. കോഹ്‌ലി ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുമ്പോള്‍ മറുവശത്ത് ചെറിയ സ്‌ട്രൈക്കുകളിലൂടെ റെയ്‌ന കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. 32 പന്തുകളില്‍ കോഹ്‌ലി അര്‍ധസെഞ്ചുറി തികച്ചു. കോഹ്‌ലിയും റെയ്‌നയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 134 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 41 റണ്‍സെടുത്ത റെയ്‌നയെ ഫോക്‌നര്‍ പുറത്താക്കി. ശേഷം വന്ന ധോണി പതിവിനു വിപരീതമായി അടിച്ചു കളിച്ചു. 3 പന്തുകളില്‍ നിന്ന് 11 റണ്‍സെടുത്ത് ധോണി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയും ധവാനും മികച്ച തുടക്കം നല്‍കിയെങ്കിലും ഓപ്പണര്‍മാരെ നഷ്ടമായത് ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടിയായി. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഒരിക്കല്‍ ഫോക്‌നറുടെ പന്തില്‍ ബോയ്‌സി കൈവിട്ട രോഹിതിനെ തൊട്ടടുത്ത ഓവറില്‍ തന്നെ ഷെയ്ന്‍ വാട്‌സണ്‍ മടക്കി. കവറില്‍ ഫോക്‌നര്‍ ക്യാച്ചെടുത്ത് രോഹിത് പുറത്തായി. 31 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. അതേ ഓവറിലെ അഞ്ചാം പന്തില്‍ 5 റണ്‍സെടുത്ത ശിഖര്‍ ധവാനെയും വാട്‌സണ്‍ തന്നെ പുറത്താക്കി. വിക്കറ്റ് കീപ്പര്‍ മാത്യു വേഡ് ക്യാച്ചെടുത്താണ് ധവാന്‍ പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News