എജിയെക്കൊണ്ട് മുഖ്യമന്ത്രി ഹൈക്കോടതിയില്‍ വിഡ്ഢിവേഷം കെട്ടിച്ചുവെന്ന് വിഎസ്; മുഖ്യമന്ത്രിക്ക് ബാബുവിനെ രക്ഷിക്കാനുള്ള തത്രപ്പാടെന്നും വിഎസ്

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ പ്രതിയായ കെ ബാബുവിന്റെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജി അംഗീകരിക്കാതിരിക്കുന്നതിന് അഡ്വക്കറ്റ് ജനറലിനെക്കൊണ്ട് മുഖ്യമന്ത്രി ഹൈക്കോടതിയില്‍ വിഡ്ഢിവേഷം കെട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. നീതിന്യായ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരം ഒരു സംഭവം എന്നും വിഎസ് കുറ്റപ്പെടുത്തി.

വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി എന്ത് നിയമത്തിന്റെ പിന്‍ബലത്തിലാണ് സ്‌റ്റേ പെറ്റീഷന്‍ ഫയല്‍ ചെയ്തത് എന്ന് വ്യക്തമാക്കണം. ഇതിന് ശങ്കര്‍റെഡ്ഡി വിജിലന്‍സ് വകുപ്പ് സെക്രട്ടറിയുടെയോ, വിജിലന്‍സ് മന്ത്രിയുടെയോ അംഗീകാരം വാങ്ങിയിരുന്നോ എന്ന് വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ഹൈക്കോടതിയില്‍ നിന്ന് എങ്ങനെയെങ്കിലും ബാബുവിനെതിരായ വിധിയില്‍ സ്‌റ്റേ വാങ്ങിക്കാനുളള തത്രപ്പാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയുടെ രാജി ലഭിച്ച് മൂന്നു മണിക്കൂറിനകം ഗവര്‍ണര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി എന്തേ മൂന്നു ദിവസമായിട്ടും ബാബുവിന്റെ രാജി ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല എന്നും വിഎസ് ചോദിച്ചു.

ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉള്‍പ്പെടെ വിധി പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും. അല്ലെങ്കില്‍ ബാബുവിന്റെ രാജി സ്വീകരിക്കാതിരിക്കുതിന് എന്ത് ന്യായമാണ് മുഖ്യമന്ത്രിയുടെ മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സര്‍ക്കാരിനു മുന്നില്‍ കുഞ്ഞിരാമന്‍ ആയി ആടുന്ന ശങ്കര്‍ റെഡ്ഡിയും, ഭരണഘടനാസ്ഥാപനമായ അഡ്വക്കേറ്റ് ജനറലും ജനങ്ങളെ കൊഞ്ഞനം കുത്തി കാണിക്കുകയാണെും വിഎസ് പറഞ്ഞു. കേരള സര്‍ക്കാരും അഡ്വക്കേറ്റ് ജനറലും കൂടി ഹൈക്കോടതിയില്‍ പുതിയ നടപടിക്രമങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ശ്രമിക്കുകയാണെും വിഎസ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News