ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ക്ലാസിക് സെമി പോരാട്ടം; ഫെഡററും ജോക്കോവിച്ചും നേര്‍ക്കുനേര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍ ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങി. ലോക ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചും മൂന്നാം സീഡ് റോജര്‍ ഫെഡററും ആദ്യ സെമിഫൈനലില്‍ ഏറ്റുമുട്ടും. ജപ്പാന്റെ കെയി നിഷികോരിയെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോക്കോവിച്ച് സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ചെക്ക് താരം തോമസ് ബെര്‍ഡിഷിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പിച്ചത്. അടുത്ത ദിവസം നടക്കുന്ന സെമിയില്‍ ഇരുവരും ഏറ്റുമുട്ടും.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യനാണ് ജോക്കോവിച്ച്. പലതവണ സെര്‍വുകള്‍ ഭേദിക്കപ്പെട്ടിട്ടും തളരാതെ ജോക്കോവിച്ച് പോരാടി. മൂന്നാം സെറ്റില്‍ രണ്ടുതവണയാണ് ജോക്കോവിച്ചിന്റെ സെര്‍വുകള്‍ നിഷികോരി ഭേദിച്ചത്. രണ്ടാം സെറ്റ് അനായാസം ജോക്കോവിച്ച് കരസ്ഥമാക്കിയിരുന്നു. 6-3, 6-2, 6-4 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് നിഷികോരിയെ തോല്‍പിച്ചത്. 2014 യുഎസ് ഓപ്പണ്‍ സെമിഫൈനലില്‍ നിഷികോരിയോടേറ്റ പരാജയത്തിനുള്ള പ്രതികാരം കൂടിയായി ജോക്കോവിച്ചിന്റെ ജയം.

ചെക്ക് താരം തോമസ് ബെര്‍ഡിഷിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഫെഡറര്‍ സെമിപോരാട്ടത്തിന് യോഗ്യത നേടിയത്. ശക്തമായ പോരാട്ടം തന്നെയാണ് ഇരുവരും തമ്മില്‍ നടന്നത്. ആറാം സീഡ് ബെര്‍ഡിഷ് ഫെഡറര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി. സ്‌കോര്‍ 7-6, 6-2, 6-4.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here