കാലിഫോര്‍ണിയ: കഞ്ചാവിന്റെ ഔഷധഗുണത്തെ വാഴ്ത്തി കാലിഫോര്‍ണിയയിലെ ഒരുപറ്റം കന്യാസ്ത്രീകള്‍. കഞ്ചാവിന് മാരകരോഗങ്ങളെ മാറ്റാനുള്ള ഔഷധഗുണങ്ങളുണ്ടെന്നും അത് ദൈവത്തിന്റെ വരദാനമാണെന്നും പറഞ്ഞാണ് കന്യാസ്ത്രീകള്‍ രംഗത്തെത്തിയത്. സിസ്റ്റര്‍ കാതെയും സിസ്റ്റര്‍ ഡാര്‍സിയുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കഞ്ചാവ് മരുന്നാകുമെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. ഇതുമുന്‍നിര്‍ത്തി ഇരുവരും കഞ്ചാവുകൃഷി നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, കാലിഫോര്‍ണിയയിലെ മുനിസിപ്പാലിറ്റികളില്‍ കഞ്ചാവിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇതു തുടരാനാകാത്ത സ്ഥിതിയാണ്.
കഞ്ചാവില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന മരുന്ന് കാന്‍സറിന് ഏറെ ഗുണപ്രദമാണെന്ന് ഇരുവരും പറയുന്നു. കഠിനമായ തലവേദന, ക്ഷീണം, ചെവി വേദന, പല്ലുവേദന തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കഞ്ചാവ് ഫലപ്രദമായ മരുന്നാണെന്ന് ഇരുവരും സ്ഥാപിക്കുന്നു. ആയുര്‍വേദ മരുന്നെന്ന നിലയ്ക്കു തന്നെയാണ് ഇത് നിര്‍മിക്കുന്നത്. കഞ്ചാവ്, വെളിച്ചെണ്ണ, വൈറ്റമിന്‍-ഇ, കര്‍പ്പൂര തൈലം, മെഴുക് തുടങ്ങിയവ ഉപയോഗിച്ചാണ് ഔഷധം നിര്‍മിക്കുന്നത്. നിരവധി രോഗികള്‍ തങ്ങളുടെ ഔഷധത്തിന്റെ ഗുണം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ അവകാശപ്പെടുന്നു.
എന്നാല്‍, അധികൃതര്‍ കന്യാസ്ത്രീകളുടെ ഈ മരുന്നിന് അനുമതി ഇതുവരെ നല്‍കിയിട്ടില്ല. മരുന്നിന്റെ ഗുണനിലവാരം സംബന്ധിച്ച് ഇനിയും ഏറെ പരിശോധനകള്‍ നടക്കാനുണ്ടെന്നും അതിനുശേഷം മാത്രമേ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ നിരവധി മുനിസിപ്പാലിറ്റികളില്‍ ഇതിനകം കഞ്ചാവുകൃഷിക്ക് നിരോധനം വന്നുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here