ബാര്‍ കോഴയില്‍ സര്‍ക്കാരിന് ഇന്ന് നിര്‍ണായകം; അന്വേഷണത്തിനെതിരായ ബാബുവിന്റെ ഹര്‍ജി ഹൈക്കോടതിയില്‍; ബാബുവിന്റെ രാജി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും

കൊച്ചി/തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഇന്നു നിര്‍ണായകദിനം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി നടപടിക്കെതിരേ കെ ബാബു സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ വിജിലന്‍സ് കോടതി വിധി പറഞ്ഞത് ഉചിതമായില്ലെന്നു കാട്ടിയാണ് ബാബു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതി വിധി സ്‌റ്റേചെയ്യണമെന്നാണു മേല്‍ക്കോടതിയായ ഹൈക്കോടതിയോടു ബാബുവിന്റെ ആവശ്യം.

ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചാല്‍ കെ ബാബുവിനും സര്‍ക്കാരിനും നിലവിലെ പ്രതിസന്ധിയില്‍ തെല്ലാശ്വാസമാകും. അതേസമയം, ഹര്‍ജി നിരസിക്കപ്പെടുകയാണെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകും. കഴിഞ്ഞദിവസം ബാബുവിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കം ഹൈക്കോടതി പരാജയപ്പെടുത്തിയിരുന്നു. ഈ ഹര്‍ജിയുടെ വാദം കേള്‍ക്കവേയാണ് ബാബു തനിക്കു പറയാനുള്ളതു കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിനെതിരേ കോടതി ഉന്നയിച്ചത്. വഴിവിട്ട രീതിയിലാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. മാത്രമല്ല, ആഭ്യന്തര മന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സ് രാഷ്ട്രീയം കളിക്കുകയാണെന്ന ഗുരുതരമായ ആരോപണവും അഡ്വക്കേറ്റ് ജനറല്‍ ഉന്നയിച്ചിരുന്നു.

അതേസമയം, കെ ബാബുവിന്റെ രാജിക്കത്ത് ഇന്നു മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കൈമാറിയേക്കും. രാജിവച്ചിട്ടു മൂന്നു ദിവസമായിട്ടും രാജിക്കത്തു കൈമാറാത്ത ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപക പ്രതിഷേധമാണ് വിളിച്ചുവരുത്തുന്നത്. കോടതി ഉത്തരവുവന്നയുടനെതന്നെ ബാബു രാജിക്കു തീരുമാനിക്കുകയും രാജിക്കത്ത് എറണാകുളത്തുവച്ചു മുഖ്യമന്ത്രിക്കു നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷം തിരുവനന്തപുരത്തെത്തിയിട്ടും കത്തു ഗവര്‍ണര്‍ക്കു കൈമാറാന്‍ മുഖ്യമന്ത്രി തയാറായിരുന്നില്ല.

കേസില്‍ ഹൈക്കോടതിയില്‍നിന്ന് ആശ്വാസം പ്രതീക്ഷിച്ചാണ് ബാബുവിന്റെ രാജിക്കത്തു കൈമാറാത്തതതെന്നും സൂചനയുണ്ട്. ഇന്നത്തെ മന്ത്രിസഭായോഗത്തിന് ശേഷം മാത്രമായിരിക്കും ഇത്തരത്തിലൊരു നീക്കം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുക. അതായത്, കോടതിയില്‍നിന്ന് എന്തെങ്കിലും തരത്തിലുള്ള അനുകൂല നിലപാടുണ്ടായാല്‍ തന്റെ വിശ്വസ്തനായ ബാബുവിനെ മന്ത്രിസഭയില്‍ നിലനിര്‍ത്താനാകും മുഖ്യമന്ത്രി ശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here