സോളാറില്‍ മുഖ്യമന്ത്രിയെ കോഴയില്‍ കുരുക്കി സരിത; ഏഴു കോടി ചോദിച്ച ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി നല്‍കിയെന്ന് മൊഴി; ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം നല്‍കിയെന്നും സരിതയുടെ മൊഴി

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി സരിത എസ് നായരുടെ നിര്‍ണായക മൊഴി. സോളാര്‍ പദ്ധതിക്കായി ഏഴു കോടി രൂപ മുഖ്യമന്ത്രിക്കായി ജിക്കുമോന്‍ ചോദിച്ചെന്നും ഒരു കോടി പത്തു ലക്ഷം രൂപ ദില്ലിയില്‍ എത്തി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തോമസ് കുരുവിളയ്ക്കു നല്‍കിയെന്നും സോളാര്‍ കമ്മീഷനില്‍ സരിത എസ് നായരുടെ മൊഴി. സോളാര്‍ കേസില്‍ പീപ്പിള്‍ ടിവി പുറത്തുവിട്ട വിവരങ്ങള്‍ അക്ഷരം പ്രതി ശരിയാമെന്നു വ്യക്തമാക്കുന്നതാണ് സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍.

ഇന്നു സോളാര്‍ കമ്മീഷനില്‍ വിസ്താരത്തിനിടെയാണ് സരിത നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. ടീം സോളാറിനും, ഫ്‌ളോട്ടിംഗ് സോളാര്‍ പവര്‍ പ്ലാന്റിനും അംഗീകാരം ലഭിക്കാനും പദ്ധതികള്‍ ലഭിക്കാനുമാണ് മുഖ്യമന്ത്രിയുടെ സഹായം തേടിയത്. കെ ബി ഗണേഷ്‌കുമാറിന്റെ പി എ വഴിയാണ് മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുങ്ങിയത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ആര്യാടനെ കാണാന്‍ പറഞ്ഞു. അതിനു ശേഷം കാര്യങ്ങള്‍ നടക്കണമെങ്കില്‍ ഏഴു കോടി രൂപ മുഖ്യമന്ത്രിക്കു നല്‍കണമെന്നു പഴ്‌സണല്‍ സ്റ്റാഫ് അംഗമായ ജിക്കുമോന്‍ പറഞ്ഞു. ദില്ലിയില്‍ പണം എത്തിക്കാനാണു പറഞ്ഞത്. ദില്ലിയില്‍ പണം ഏര്‍പ്പാടാക്കി. 2012 ഡിസംബര്‍ 17ന് വിജ്ഞാന്‍ ഭവനിലെത്താനാണ് പറഞ്ഞത്. അവിടെയെത്തി കാത്തുനിന്നു. പിന്നീട് അന്നുതന്നെ ചാന്ദ്‌നി ചൗക്കിനു സമീപം വച്ചു കാറിലിരുന്നു തോമസ് കുരുവിളയ്ക്ക് 1.10 കോടി നല്‍കി. തിരുവന്തപുരത്തുവച്ച് 80 ലക്ഷവും നല്‍കുകയായിരുന്നെന്നും സരിത വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്ര തവണ പോയെന്ന് ഓര്‍മയില്ലെന്നും വിസ്താരത്തില്‍ സരിത പറഞ്ഞു. പണം നല്‍കിയ കാര്യം മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്‍ അറിയരുതെന്നു തോമസ് കുരുവിള പറഞ്ഞു. പദ്ധതിക്കായി സബ്‌സിഡിയും ഭൂമിയും നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ സ്വകാര്യ ലാന്‍ഡ്‌ഫോണില്‍ വിളിക്കാനായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

മല്ലേലി ശ്രീധരന്‍നായരെ കണ്ടിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം നുണയാണെന്നും സരിത വ്യക്തമാക്കി. ഫ്‌ളോട്ടിംഗ് മെഗാ സോളാര്‍ പദ്ധതിക്കായി പലവട്ടം മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. പദ്ധതിയുമായി ആദ്യം സഹകരിക്കാന്‍ മല്ലേലില്‍ ശ്രീധരന്‍ നായര്‍ തയാറായിരുന്നില്ല. മുഖ്യമന്ത്രിയുമായി തന്നോടൊപ്പം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശ്രീധരന്‍ നായര്‍ സഹകരിക്കാന്‍ തയാറായതെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ വിസ്താരം നടക്കുമ്പോള്‍, താന്‍ മല്ലേലി ശ്രീധരന്‍ നായരെ സരിതയോടൊപ്പം കണ്ടിട്ടില്ലെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദിനെപോയി കണ്ടെന്നും 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും സരിത വെളിപ്പെടുത്തി. രണ്ടു കോടി രൂപയാണ് ആര്യാടന്‍ ചോദിച്ചതെന്നും പി എ കേശവന്റെ കൈവശമാണ് 40 ലക്ഷം രൂപ നല്‍കിയതെന്നും സരിത പറഞ്ഞു. 2011ജൂണില്‍ സെക്രട്ടേറിയറ്റില്‍ വച്ചാണ് മുഖ്യമന്ത്രിയെ ആദ്യം കണ്ടത്. ടീം സോളാറിന് അംഗീകാരം ലഭ്യമാക്കാനും പദ്ധതികളെക്കുറിച്ചു പറയാനുമാണ് മുഖ്യമന്ത്രിയെ കണ്ടത്. ഗണേഷ് കുമാര്‍ എംഎല്‍എയുടെ പി എ വഴിയാണ് മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞത്. അവിടെ വച്ചു മുഖ്യമന്ത്രി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഫോണില്‍ വിളിച്ചു. കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ആര്യാടനെ കാണാന്‍ മുഖ്യമന്ത്രി പറഞ്ഞു.

ആര്യാടനെ പോയി കണ്ടു പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. പല തവണ ഫോണില്‍ വിളിച്ചിട്ടും കാര്യങ്ങള്‍ ഒന്നും നടന്നില്ല. അനെര്‍ട്ടിന്റെ സബ്‌സിഡിയും പദ്ധതിയും ലഭിക്കാനായിരുന്നു ആര്യാടനുമായി ബന്ധപ്പെട്ടത്. മന്ത്രിക്ക് എന്തെങ്കിലും കൊടുത്താലേ കാര്യങ്ങള്‍ നടക്കൂ എന്നു മന്ത്രിയുടെ പി എ കേശവന്‍ പറഞ്ഞു. പണം നല്‍കാനായി മന്ത്രിയുടെ വീട്ടില്‍ പോയി. മന്ത്രിയുടെ വീട്ടില്‍വച്ച് വിലപേശല്‍ നടത്തി. രണ്ടു കോടി വേണമെന്നു പി എ കേശവന്‍പറഞ്ഞു. 40 ലക്ഷം രൂപ നല്‍കി താന്‍ മടങ്ങിയെന്നും സരിത പറഞ്ഞു.

കെ ബി ഗണേഷ്‌കുമാറിന്റെ പി എ വഴിയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുങ്ങിയത്. ജോപ്പന്റെ നമ്പരില്‍ വിളിക്കാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണ്. ജോപ്പന്‍, സലിം രാജ്, ജിക്കുമോന്‍ എന്നിവരുടെ ഫോണുകളിലൂടെയാണ് താന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നത്. ദില്ലിയില്‍വച്ചു തോമസ് കുരുവിളയെ കണ്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണം നല്‍കി. 2012-ല്‍ കൊടുത്തെ ചെക്കില്‍ പണമില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്ര വട്ടം പോയി എന്ന് ഓര്‍മയില്ല. ജിക്കുമോന്‍ ഉപദേശിച്ച പ്രകാരമാണ് സോളാര്‍ മെഗാ പ്രോജക്ടിനെക്കുറിച്ചു മുഖ്യമന്ത്രിയോടു പറയുന്നത്. വേണ്ടതു ചെയ്യാമെന്നു മുഖ്യമന്ത്രി പറഞ്ഞതായും സരിത പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News