മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നു കോടിയേരി; കേരളം തന്നെ അപമാനിക്കപ്പെട്ട അവസ്ഥയിലായി; മുഖ്യമന്ത്രിക്ക് നേരിട്ട് കോഴ ആദ്യം

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ് നായരുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശം ഇല്ലാതായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് സരിത തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് കോഴ വാങ്ങുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനെ അറിയിച്ചത്. പച്ചക്കള്ളമാണ് മുഖ്യമന്ത്രി കമ്മീഷനോടു പറഞ്ഞതെന്ന് ഇന്നത്തെ സരിതയുടെ മൊഴിയോടെ വ്യക്തമാക്കിയിരിക്കുകയാണ്. കേരളം തന്നെ അപമാനിക്കപ്പെട്ട അവസ്ഥയിലായെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സോളാര്‍ വിഷയത്തില്‍ ഇടതുപക്ഷം നടത്തിയ സമരങ്ങള്‍ എല്ലാം വിജയമായിരുന്നെന്ന് ഇന്നത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതില്‍ നിന്ന് ഭിന്നമായ കാര്യങ്ങളാണ് ഇന്ന് സരിത കമ്മീഷനെ അറിയിച്ചത്. ശ്രീധരന്‍ നായരുമൊത്ത് സരിതയെ കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, കണ്ടുവെന്ന് സരിത തിയ്യതി സഹിതം വെളിപ്പെടുത്തി. സരിതയെ ഫോണില്‍ വിളിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, പലതവണ വിളിച്ചെന്നു സരിത മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ 7 വരെ മുഖ്യമന്ത്രിയുടെ സ്വകാര്യ ലാന്‍ഡ്‌ഫോണില്‍ നിന്നുപോലും വിളിക്കാറുണ്ടായിരുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സരിത പറഞ്ഞിട്ടുണ്ട്. നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നു മുഖ്യമന്ത്രി പറയുന്നതില്‍ നിന്നു തന്നെ വസ്തുതകള്‍ വ്യക്തമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കും വിശ്വസനീയമല്ലാത്ത കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി ഉന്നയിക്കുന്നത്. മന്ത്രിസഭയ്ക്കു തന്നെ അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. ഈ അഴിമതി സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ഇടപെട്ട് നടപടി സ്വീകരിക്കണം. ഇത്രയും അപമാനകരമായ സര്‍ക്കാരിഗനെ തന്റെ ഗവണ്‍മെന്റ് എന്നു പറയാന്‍ അഞ്ചാം തിയതി ഗവര്‍ണര്‍ സഭയില്‍ വരുമോ എന്നു വ്യക്തമാക്കണം. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നും കോടിയേരി വ്യക്താക്കി. ഇന്നത്തെ ഫോണ്‍ സംഭാഷണങ്ങളുടെ തെളിവിന്റെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ രവിയെ അറസ്റ്റു ചെയ്യണമെന്നും കോടിയേരി പറഞ്ഞു.

രാജിവച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെ ജനകീയ കോടതി തന്നെ പുറത്താക്കും. മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും. പ്രക്ഷോഭങ്ങള്‍ എല്‍ഡിഎഫില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News