തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള അഴിമതി സര്‍ക്കാരിനെ പുറത്താക്കണമെന്നും നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപനപ്രസംഗം നടത്തരുതെന്നും ഗവര്‍ണറോട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സോളാര്‍ കമ്മീഷനില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലുകളോടെ മുഖ്യമന്ത്രി കേരള ജനതയുടെ മുന്നില്‍ നഗ്നനായിരിക്കുകയാണെന്നും തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രിയുടെയോ ഉന്നതരുടെയോ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് വ്യക്തമായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഐപിഎസ് എങ്ങനെ സമ്പാദിച്ചു എന്ന് ആരെങ്കിലും സംശയിച്ചാല്‍ അദ്ഭുതമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ പൊലീസുകാര്‍ സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിഇറങ്ങയെന്നു വെളിപ്പെടുത്തിയിരുന്നു. തന്നെ ബലാത്സംഗം ചെയ്തു എന്നു സരിത പലരുടെയും പേരുകള്‍ പറഞ്ഞു മൊഴി നല്‍കിയതായി മജിസ്‌ട്രേറ്റ് തന്നെ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് സരിതയുടെ 21 പേജുള്ള കത്ത് കണ്ടെത്താതിരുന്നത്. സരിതയെ ജയിലില്‍ ഭീഷണിപ്പെടുത്താന്‍ ഒരു സംഘം എത്തിയെന്ന് മുന്‍ ജയില്‍ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. തെൡവുകള്‍ നശിപ്പിച്ചത് കോപ്പിയടി വീരനായ എസ് പി ടി ജെ ജോസാണെന്നും വ്യക്തമായതാണ്. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നു എന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണം. ഈഅഴിമതി സര്‍ക്കാരിന് വേണ്ടി നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപനപ്രസംഗം നടത്തരുത്.
ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സുധീരന്‍ നടത്തുന്ന രക്ഷായാത്ര എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. അതിനുള്ള ആര്‍ജവം കാട്ടിയില്ലെങ്കില്‍ സുധീരനും കള്ളന്‍മാര്‍ക്കു കഞ്ഞിവച്ചുകൊടുക്കുന്നയാളാകും. ആര്യാടന്‍ മുഹമ്മദും അഴിമതിയില്‍ ആരോപണവിധേയനാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത് കേരള ജനതയ്ക്കും അപമാനമാണ്. ഈ ഗതികേടില്‍ എല്ലാ മലയാളികളെയും പോലും താനും ദുഃഖിക്കുന്നുവെന്നും വിഎസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here