മുഖ്യമന്ത്രിക്ക് പണം കിട്ടിയെന്ന് 10 തവണ ഉറപ്പുവരുത്തി എന്ന് സോളാര്‍ കേസ് പ്രതി സരിത; വ്യക്തമായ ദൃശ്യത്തെളിവുകള്‍ കൈയ്യിലുണ്ടെന്നും സരിത പീപ്പിളിനോട്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് 1.90 കോടി രൂപ നല്‍കി എന്ന് ആവര്‍ത്തിച്ച് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍. മുഖ്യമന്ത്രിക്ക് പണം കിട്ടിയെന്ന് പത്ത് തവണ ഉറപ്പുവരുത്തിയെന്ന് സരിത പീപ്പിള്‍ ടിവിയോട് പറഞ്ഞു. പത്ത് എന്ന് പറഞ്ഞാല്‍ പത്തില്‍ കൂടുതല്‍ തവണ ഉറപ്പുവരുത്തി എന്നും സരിത പീപ്പിള്‍ ടിവിയുടെ ന്യൂസ് ന്‍ വ്യൂസില്‍ പറഞ്ഞു.

‘ഒരാള്‍ക്ക് കൈക്കൂലി കൊടുത്താല്‍ കാര്യം നടക്കുംവരെ വിളിക്കും. കാര്യം നടക്കുക എന്നത് മാത്രമാണ് ലക്ഷ്യം. കാര്യങ്ങള്‍ ശരിയാകും എന്ന് ഉറപ്പുണ്ടായിരുന്നു. കുരുവിളയ്ക്കാണ് പണം നല്‍കിയത്. പണം കിട്ടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡിസംബറിലാണ് പണം കൊടുത്തത്. എന്നാല്‍ അറസ്റ്റിലാവുന്ന ജൂണ്‍ മാസം വരെയും കാര്യം നടന്നിട്ടില്ല. എല്ലാം ഉടനെ റെഡിയാകും. എല്ലാം ഉടനെ നടത്തിത്തരും എന്ന പതിവ് ശൈലിയിലാണ് മറുപടി കിട്ടിയത്.’ – സരിത എസ് നായര്‍ പറഞ്ഞു.

‘പെരുവഴിയാധാരം ആയത് സരിത മാത്രമാണ്. ഇതുവരെ ചെണ്ടയായത് താന്‍ മാത്രമാണ്. ഇനിയും ചെണ്ടയാകാനില്ല. 2011ല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ചെക്ക് മടങ്ങിയിട്ടില്ല. രണ്ടാമത് 2012ല്‍ നല്‍കിയ ചെക്ക് മടങ്ങിയെങ്കില്‍ അതിന് ഉത്തരവാദി ബിജു രാധാകൃഷ്ണനാണ്. തമ്പാനൂര്‍ രവിയുടെ പ്രതികരണം എന്റെ നമ്പറിലേക്ക് തമ്പാനൂര്‍ രവി വിളിച്ചു. എന്നാല്‍ ഫോണ്‍ എടുത്തില്ല. കുറച്ച് കഴിഞ്ഞ് തിരിച്ച് വിളിച്ച് സംസാരിച്ചു. കോള്‍ കട്ട് ആയതുകൊണ്ട് രണ്ടാം തവണയും വിളിച്ച് സംസാരിച്ചു എന്നും സരിത പറഞ്ഞു.’ – സരിത പറഞ്ഞു.

ഉന്നയിച്ച ആരോപണങ്ങളിന്മേല്‍ വ്യക്തമായ ദൃശ്യത്തെളിവുകള്‍ കയ്യിലുണ്ടെന്നും സരിത പീപ്പിള്‍ ടിവിയോട് പറഞ്ഞു. ആധികാരികമായ ഏതെങ്കിലും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ അവ കൈമാറും എന്നും സരിത വ്യക്തമാക്കി. എന്നാല്‍ ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് സരിത എസ് നായര്‍ ഒഴിഞ്ഞുമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here