ഹാക്കര്‍മാരില്‍ നിന്നു രക്ഷപ്പെടണോ? ഈ അഞ്ചു വഴികള്‍ പരീക്ഷിക്കൂ

സൈബര്‍ സുരക്ഷാലംഘനമാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. അതെ പറഞ്ഞുവരുന്നത് ഓണ്‍ലൈന്‍ ഹാക്കര്‍മാരെ കുറിച്ചു തന്നെ. പാസ്‌വേഡുകളും മറ്റും ഹാക്ക് ചെയ്ത് നിങ്ങളുടെ രഹസ്യം ചുരണ്ടുന്ന വില്ലന്‍മാരെ കുറിച്ച്. യുകെയില്‍ ടോക് ടോക് ഹാക്കും വെതര്‍സ്പൂണും പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 21,000 ഉപയോക്താക്കളുടെ വിശദാംശങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്. ഏകദേശം 12 കോടി ആളുകളുടെ പേരും വിലാസവും ഹാക്കര്‍മാര്‍ ചോര്‍ത്തി. പലരുടെയും അക്കൗണ്ടുകളില്‍ നിന്ന് പണവും നഷ്ടമായി.

ഹാക്കിംഗ് ആര്‍ക്കു വേണമെങ്കിലും സംഭവിക്കാം. പക്ഷേ, ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വച്ചാല്‍ ചിലപ്പോഴെങ്കിലും നമ്മള്‍ തന്നെ വരുത്തുന്ന ശ്രദ്ധക്കുറവാണ് ഹാക്കിംഗിന് ഇടയാക്കുന്നതെന്നാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹാക്കിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. അവ ഏതെല്ലാം എന്നല്ലേ. പറയാം.

1. കോംപ്ലിക്കേറ്റഡ് പാസ്‌വേഡുകള്‍ ഉപയോഗിക്കുക

പലരും അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്നത് എളുപ്പത്തില്‍ ഗ്രഹിച്ചെടുക്കാവുന്ന പാസ്‌വേഡുകളാണ്. പലകാര്യങ്ങള്‍ ഉള്ളതിനാല്‍ ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ടാകും എന്നതാണ് ഇതിനു കാരണം. ഇതുതന്നെയാണ് ഹാക്കര്‍മാരുടെ പ്രധാന ആയുധവും. അതുകൊണ്ട് പാസ്‌വേഡുകള്‍ മറ്റുള്ളവര്‍ക്ക് ഗ്രഹിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കുക. ചുരുങ്ങിയ പക്ഷം അത്യാവശ്യ കാര്യങ്ങളും പ്രധാനപ്പെട്ട കാര്യങ്ങളും അടങ്ങിയ അഡ്മിനിസ്‌ട്രേറ്റര്‍ യൂസറില്‍ എങ്കിലും ബുദ്ധിമുട്ടുള്ള പാസ്‌വേഡ് സെറ്റു ചെയ്യുക.

2. അറിയപ്പെടാത്ത ഇ-മെയില്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക

തിരിച്ചറിയപ്പെടാത്ത ഇ-മെയില്‍ ഐഡികളില്‍ നിന്നു വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വലിയ വില നല്‍കേണ്ടി വരും. ഇത്തരത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു വൈറസ് കോഡ് നിങ്ങളുടെ കംപ്യൂട്ടറില്‍ കയറുകയും ഈ വൈറസ് നിങ്ങളുടെ രഹസ്യം ചുരണ്ടുകയും ചെയ്യും. യൂസര്‍നേമുകളും പാസ്‌വേഡുകളും ഹാക്ക് ചെയ്യുന്ന ഫിഷിംഗ് സൈറ്റുകളിലേക്കായിരിക്കും ഈ ലിങ്ക് ചെന്നെത്തുക. ഇത്തരം മെയിലുകളില്‍ കനത്ത ജാഗ്രത തന്നെ പുലര്‍ത്തണം.

തിരിച്ചറിയാനും മാര്‍ഗമുണ്ട്. ലോട്ടറി അടിച്ചെന്നും പാരിതോഷികം ലഭിച്ചെന്നും പറഞ്ഞ് വരുന്ന മെയിലുകള്‍ ബഹിഷ്‌കരിക്കുക എന്നതാണ് ഏറ്റവും പ്രധാന മാര്‍ഗം. റിക്രൂട്ട്‌മെന്റ് മെയിലുകള്‍ക്ക് സ്പാം ഉപയോഗിക്കാം.

3. പോപ്-അപ് വിന്‍ഡോകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക

പലപ്പോഴും മേല്‍പറഞ്ഞ സംശയാസ്പദമായ അറ്റാച്ച്‌മെന്റുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുമ്പോഴും ചില സമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പോപ്-അപ് വിന്‍ഡോ ക്ലോസ് ചെയ്യാന്‍ ശ്രദ്ധിക്കാറില്ലെന്നതു ഒരു വസ്തുതയാണ്. ഇതും ഹാക്കിംഗിലേക്ക് നയിച്ചേക്കും. പോപ്-അപ് വിന്‍ഡോകള്‍ ഹാക്കര്‍മാരുടെ ഒരു പ്രധാന ആയുധമാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോഴാണ് പലപ്പോഴും ഇത്തരം പോപ്-അപ് വിന്‍ഡോ പ്രത്യക്ഷപ്പെടുന്നത്. ഈ പോപ്-അപുകളില്‍ ക്ലിക്ക് ചെയ്യുന്നത് തീര്‍ച്ചയായും വൈറസിനെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കും. ഈ മാല്‍വെയര്‍ കോഡ് ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ പിന്നെ 100 ഡോളര്‍ എങ്കിലും നഷ്ടപ്പെടുത്തിയാലേ നിങ്ങള്‍ രക്ഷപ്പെടൂ എന്നും വിദഗ്ധര്‍ പറയുന്നു.

4. യുആര്‍എല്‍ ചെക്ക് ചെയ്യുക

ഉപയോഗിക്കുന്ന വെബ്‌സൈറ്റിന്റെ യുആര്‍എല്‍ ചെക്ക് ചെയ്യുക എന്നത് അത്യാവശ്യമാണ്. കാരണം, പലപ്പോഴും ഹാക്കര്‍മാര്‍ ചെയ്യുന്ന കാര്യം ഫേക് വെബ്‌പേജുകള്‍ ഡിസൈന്‍ ചെയ്തു കൊണ്ടാണ് പാസ്‌വേഡുകളും യൂസര്‍നേമും ഹാക്ക് ചെയ്യുന്നത്.

5. ആന്റിവൈറസ് സോഫ്റ്റ്‌വെയറുകളോ ഫയര്‍വാളുകളോ ഇന്‍സ്റ്റാള്‍ ചെയ്യുക

സിസ്റ്റത്തില്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയറോ വെബ് ആപ്ലിക്കേഷന്‍ ഫയര്‍വാളോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. പല ആന്റിവൈറസ് സോഫ്റ്റ്‌വെയറുകളും അപ്‌ഡേറ്റുകള്‍ ഓട്ടോമാറ്റിക്കായി തന്നെ സിസ്റ്റത്തില്‍ അപ്‌ഡേറ്റു ചെയ്യും. അപ്ടുഡേറ്റ് ആയിട്ടുള്ള ആന്റിവൈറസ് ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകുക ബുദ്ധിമുട്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here