സോളാറില്‍ കുടുങ്ങിയ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം രൂക്ഷം; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലും ഗസ്റ്റ് ഹൗസിലും കരിങ്കൊടി; മന്ത്രി അനില്‍കുമാറുമായി കൂടിക്കാഴ്ച

കോഴിക്കോട്: സോളാര്‍ ഇടപാടില്‍ തന്റെ കൈയില്‍നിന്ന് 1.9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന സരിത എസ് നായരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനെത്തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ പ്രതിഷേധം രൂക്ഷം. രാവിലെ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. റെയില്‍വേ സ്റ്റേഷനിലും വെസ്റ്റ്ഹില്‍ ഗസറ്റ് ഹൗസിലുമാണ് മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധമുയര്‍ന്നത്.

രാവിലെ അഞ്ചു മണിയോടെ മലബാര്‍ എക്‌സ്പ്രസിലാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയത്. മുഖ്യമന്ത്രി വരുന്നതറിഞ്ഞ് ഡിവൈഎഫ്‌ഐ, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ തമ്പടിച്ചിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന വിവരമറിഞ്ഞു മുഖ്യമന്ത്രിക്കു സംരക്ഷണം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തിയിരുന്നു. വന്‍ പൊലീസ് സന്നാഹത്തെയാണ് സ്റ്റേഷനിലും വെസ്റ്റ് ഹില്ലിലേക്കുള്ള റോഡിലാകെയും വിന്യസിച്ചിരുന്നത്.

പ്രതിഷേധത്തെത്തുടര്‍ന്നു മുഖ്യമന്ത്രിക്ക് ഏറെ നേരത്തേക്കു പുറത്തിറങ്ങാനായില്ല. പിന്നീട് പൊലീസ് പ്രത്യേക വലയം തീര്‍ത്തു മുഖ്യമന്ത്രിയെ പുറത്തെത്തിക്കുകയായിരുന്നു. അതിനിടെ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. പിന്നീട് വെസ്റ്റ് ഹില്ലിലുള്ള സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലെത്തിയപ്പോള്‍ ഇവിടെ കാത്തുനിന്നിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കരിങ്കൊടി കാട്ടി. കനത്ത പൊലീസ് സന്നാഹമാണ് ഗസ്റ്റ് ഹൗസില്‍ വിന്യസിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആരെയും ഗസ്റ്റ് ഹൗസിലേക്കു കടത്തിവിടുന്നില്ല.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്നാരംഭിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയത്. അതിനിടെ, ഗസ്റ്റ് ഹൗസില്‍ മന്ത്രി എ പി അനില്‍കുമാറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സോളാര്‍ കേസില്‍ ആരോപണവിധേയനായ മന്ത്രിയാണ് അനില്‍കുമാര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News