അബുദാബി/ബാങ്കോക്ക്: മെര്‍സ് വൈറസ് ബാധിച്ച 73 വയസുകാരന്‍ അബുദാബിയില്‍ മരിച്ചു. ഡിസംബര്‍ 27 മുതല്‍ നിരീക്ഷണത്തിലായിരുന്നയാളാണു മരിച്ചത്. മെര്‍സ് മരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യുഎഇയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. അതിനിടെ, തായ്‌ലന്‍ഡില്‍ നാല്‍പതോളം പേരെ മെര്‍സ് വൈറസ് ബാധ സംശയിച്ചു നിരീക്ഷണത്തിലാക്കി.
ഡിസംബര്‍ ഇരുപത്തേഴിനാണ് അബുദാബിയിലെ 73 വയസുകാരന്‍ ഒരു നഴ്‌സിംഗ് ഹോമില്‍ ചികിത്സതേടിയത്. കടുത്ത പനിയും ചുമയുമായിരുന്നു ലക്ഷണങ്ങള്‍. പനിക്കുള്ള ചികിത്സ നല്‍കി അന്നുതന്നെ വീട്ടിലേക്ക് അയച്ചിരുന്നു. ഡിസംബര്‍ മൂപ്പത്തൊന്നിന് ഇയാള്‍ കുടുംബസമേതം ഒമാനിലേക്ക് യാത്ര പോയെങ്കിലും രോഗം കടുത്തതിനെത്തുടര്‍ന്നു മടങ്ങി ചികിത്സ തേടുകയായിരുന്നു. പരിശോധനയില്‍ മെര്‍സ് ബാധ തെളിഞ്ഞു.
ഒട്ടകങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നയാളാണ് മരിച്ചത്. രോഗലക്ഷണങ്ങള്‍ കാണും മുമ്പു ഒട്ടകത്തിന്റെ പാല്‍ പച്ചയ്ക്ക് കുടിച്ചിരുന്നു. മറ്റൊരു 85 വയസുകാരിക്കും മെര്‍സ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണ മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതിനിടെ, നാല്‍പതോളം പേരെ തായ്‌ലന്റില്‍ മെര്‍സ്ബാധ സംശയത്തില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഒമാനില്‍നിന്നു തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്കെത്തിയ എഴുപത്തൊന്നുകാരന് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മകന്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ നിരീക്ഷണത്തിലാക്കിയത്. ഇയാള്‍ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കും.
2012 സെപ്റ്റംബറിന് ശേഷം ലോകത്താകമാനം 587 പേര്‍ മെര്‍സ് ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പ്രമേഹം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവര്‍ക്കു രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ഫാമുകള്‍ സന്ദര്‍ശിക്കുന്നതു നിര്‍ത്തുകയും ചെയ്യുകയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ലമാര്‍ഗമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Get real time update about this post categories directly on your device, subscribe now.