സോളാര്‍തട്ടിപ്പില്‍ മുഖ്യമന്ത്രിയും ആര്യാടനും പ്രതിയാകും; എഫ്‌ഐആര്‍ എടുത്ത് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്; രാജിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

തൃശൂര്‍: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും പ്രതിയാകും. ഇരുവര്‍ക്കും എതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ അസാധാരണ ഉത്തരവ്. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യ നീതി തന്നെയാണെന്നും കോടതി വ്യക്തമാക്കി.

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. അസാധാരണ സാഹചര്യത്തില്‍ അസാധാരണ വിധി ഉണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. താന്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചതായും ജഡ്ജ് എസ്എസ് വാസന്‍ വ്യക്തമാക്കി. അന്വേഷണം നടത്തേണ്ടത് പൊലീസ് ആണെന്നും, കോടതി ചെയ്യാനുള്ളത് ചെയ്‌തെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്നും, പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യനീതിയാണെന്നും കോടതി നിരീക്ഷിച്ചു. ഏപ്രില്‍ 14നുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി.

സോളാറുമായി ബന്ധപ്പെട്ട് ഒരു കോടി 90 ലക്ഷം രൂപ കോഴ നല്‍കിയതായി മുഖ്യമന്ത്രിക്കെതിരെ സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു. ആര്യാടന്‍ മുഹമ്മദ് 40 ലക്ഷം രൂപ കോഴ വാങ്ങിയതായും വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. പൊതുപ്രവര്‍ത്തന്‍ പിഡി ജോസഫിന്റെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. വിവിധ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും, ദ്രുതപരിശോധനക്ക് ശേഷമാകാം എഫ്‌ഐആര്‍ എന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ വികെ ഷൈലജന്‍ വാദമുന്നയിച്ചു. എന്നാല്‍ വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളി.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്ക് 1.90 ലക്ഷവും ആര്യാടന് 40 ലക്ഷവും നല്‍കിയെന്നാണ് സരിതാ നായര്‍ സോളാര്‍ കമ്മിഷന് മൊഴി നല്‍കിയിരുന്നത്. ദ്രുതപരിശോധനാ റിപ്പോര്‍ട്ടിന് കാത്തു നില്‍ക്കാതെയായിരുന്നു കോടതിയുടെ അസാധാരണ നടപടി. ബുധനാഴ്ച വിഎസ് സുനില്‍കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയിലേക്ക് കടക്കും മുമ്പേയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഇതില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്.

ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ ദ്രുതപരിശോധനാ നടപടിക്രമം മറികടന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത് ഏറെ വിവാദമായിരുന്നു. ഇതില്‍ കോടതിയുടെ നടപടിക്കെതിരെ ഹൈകോടതിയില്‍ എജി തന്നെ ഹാജരായി വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവ് തള്ളണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹൈക്കോടതി ഇത് തള്ളിയിരുന്നു. വ്യാഴാഴ്ച ഇതേ ആവശ്യത്തില്‍ കെ ബാബുവിന്റെ റിട്ട് ഹരജി ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് ദ്രുതപരിശോധനാ നടപടിക്രമം മറികടന്ന് മുഖ്യമന്ത്രിക്കും മറ്റൊരു മന്ത്രിക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവുണ്ടാകുന്നത്.

അതേസമയം സോളാര്‍ തട്ടിപ്പ് കേസില്‍ നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തീരുമാനിക്കേണ്ടത് ജനകീയ കോടതിയാണ്. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. എഐസിസി അധ്യക്ഷ സോണിയാ ഗാന്ധി എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നികിനെയും വിളിപ്പിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഹൈക്കമാന്‍ഡ് വിശദീകരണം തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News