ധാര്‍മികതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും ആര്യാടനും ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കോടിയേരി; രാജിവച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിഎസ്

തലശേരി: കെ ബാബുവും കെ എം മാണിയും രാജിവച്ചതുപോലെ ധാര്‍മികതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും ഒരു നിമിഷം പോലും വൈകാതെ രാജിവയ്ക്കാന്‍ തയാറാകണമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ ബാബു രാജിവച്ചപ്പോള്‍ അതു ധാര്‍മികതയെന്നു പറഞ്ഞത് മുഖ്യമന്ത്രിയായിരുന്നെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും ആര്യാടനും രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പറഞ്ഞു.

സരിത നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ വിജിലന്‍സ്‌കോടതി പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചത്. അസാധാരണ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നു നിരീക്ഷിച്ചാണ് ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കും ആര്യാടനും എതിരേ കേസെടുക്കണം. അഴിമതി നിരോധന നിയമം അനുസരിച്ചു ശിക്ഷാര്‍ഹമായ കുറ്റമാണ് മുഖ്യമന്ത്രിയും ആര്യാടനും ചെയ്തിരിക്കുന്നത്.

കോടതിക്ക് സമാനമായ അധികാരങ്ങളാണ് സോളാര്‍ കമ്മീഷനുള്ളത്. കോടതി സ്വീകരിക്കേണ്ട നടപടികളാണ് കമ്മീഷന്‍ ചെയ്യേണ്ടത്. വിജിലന്‍സിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കു നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. താന്‍ കുടുങ്ങുമെന്നറിയാവുന്നതിനാലാണ് മുഖ്യമന്ത്രി ആദ്യം ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാകാതിരുന്നതെന്നു സംശയിക്കുന്നതായും കോടിയേരി പറയുന്നു.

നിയമലംഘനങ്ങളുടെ തുടര്‍ച്ചയാണ് സര്‍ക്കാരിന്റെ ഭാഗമായവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. തട്ടിപ്പുകാരിയായ സരിതയെ തട്ടിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും നിയമത്തെ വഴങ്ങിയും നിഷേധിച്ചും നിലപാടു സ്വീകരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അതിന്റെ പ്രത്യാഘാതം അവരവര്‍ നേരിടേണ്ടിവരുമെന്നും വിഎസ് തിരുവനന്തപുരത്തു പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here