കെ ബാബുവിന് ഹൈക്കോടതിയില്‍നിന്ന് സ്റ്റേ; ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പത്തുദിവസത്തിനകം വേണം; രാജി പിന്‍വലിക്കുന്ന കാര്യം എല്ലാ നേതാക്കളുമായും ചര്‍ച്ച ചെയ്യുമെന്ന് ബാബു

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ പ്രഖ്യാപിച്ച അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്‌റ്റേ. ജസ്റ്റിസ് പി ഉബൈദാണ് സ്റ്റേ ചെയ്തത്. പത്തു ദിവസത്തിനകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തേ, ബാബുവിനെതിരായ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി അനുവദിച്ചിരുന്നില്ല. കടുത്ത വിമര്‍ശനത്തോടെയാണ് ഹര്‍ജി കോടതി മാറ്റിയത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടി പ്രഥമദൃഷ്ട്യാ തെറ്റാണെന്നു കാട്ടിയാണ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

അതേസമയം, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബാബുവിന് മനംമാറ്റമുണ്ടായി. രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് എല്ലാ നേതാക്കളുമായും കൂടിയാലോചന നടത്തുമെന്നും വിധിപ്പകര്‍പ്പു കിട്ടിയ ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും ബാബു പ്രതികരിച്ചു. സാധാരണ പൗരനു കിട്ടേണ്ട പരിരക്ഷ കിട്ടാതായപ്പോഴാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചതെന്നും ടിവി കാണുന്ന ആര്‍ക്കും ആര്‍ക്കെതിരേയും കേസ് കൊടുക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here