ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഘടകകക്ഷികളും എഐസിസി നേതൃത്വവും പ്രതികരിക്കണമെന്ന് പിണറായി വിജയന്‍; പ്രതിഷേധം കരുത്താര്‍ജ്ജിക്കുമെന്നും പിണറായി

പാലക്കാട്: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധോയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യത്തില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ പ്രതികരിക്കണം എന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നേതാവിന്റെ തട്ടിപ്പില്‍ ഘടകകക്ഷികള്‍ മൗനം പാലിക്കുകയാണ് എന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ധാര്‍മ്മികതയുണ്ടെങ്കില്‍ എഐസിസി നേതൃത്വം പ്രതികരിക്കണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നവകേരള മാര്‍ച്ചിനോട് അനുബന്ധിച്ച് മണ്ണാര്‍ക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

എംഎല്‍എ സ്ഥാനം രാജിവെച്ച കോവൂര്‍ കുഞ്ഞുമോന്റെ നിലപാട് ശരിയായതാണ്. ആര്‍എസ്പിയില്‍ നിന്ന് വലിയ കൊഴിഞ്ഞുപോക്ക് ആരംഭിച്ചുകഴിഞ്ഞു. ആര്‍എസ്പിയുടെ തീരുമാനത്തിനെതിരെ ഒരു എംഎല്‍എ സ്പീക്കര്‍ക്ക് രാജിക്കത്ത് കൊടുത്തത് എല്‍ഡിഎഫിനെതിരെ വീരവാദം പുറപ്പെടുവിച്ച ആര്‍എസ്പി നേതാക്കള്‍ ആലോചിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തുന്ന പ്രതിഷേധം സ്വാഭാവികമാണ്. പ്രതിഷേധങ്ങളെ ക്രൂരമായി നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊലീസിനെ ഇറക്കിവിട്ട് പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പ്രതിഷേധത്തെ അടിച്ചമര്‍ത്താം എന്ന വ്യാമോഹം വേണ്ട. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here