പാകിസ്താനില്‍ ഇന്ത്യന്‍ പതാകവീശിയ വിരാട് കോഹ്‌ലിയുടെ പാക് ആരാധകന് 10 വര്‍ഷം വരെ ശിക്ഷ കിട്ടാം; ചുമത്തിയത് രാജ്യദ്രോഹക്കുറ്റം

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയോടുള്ള കടുത്ത ആരാധന മൂത്ത് പാകിസ്താനില്‍ ഇന്ത്യന്‍ പതാകവീശിയ ആരാധകനു പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള 22 കാരനായ ഉമര്‍ ദ്രാസ് ആണ് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് വിചാരണ നേരിടുന്നത്. രാജ്യദ്രോഹക്കുറ്റമാണ് ഉമര്‍ ദ്രാസിനെതിരെ ചുമത്തിയിട്ടുള്ളത്. കോഹ് ലിയോടുള്ള ആരാധന മൂത്ത് സ്വന്തം വീടിനു മുകളില്‍ ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തുകയാണ് ഉമര്‍ ദ്രാസ് ചെയ്തത്. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ദ്രാസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പിച്ച ദിവസം പതാക ഉയര്‍ത്തിയതിനാണ് ദ്രാസിനെ അറസ്റ്റു ചെയ്തത്. കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിലുള്ള സന്തോഷം പ്രകടിപ്പിക്കാന്‍ കൂടിയാണ് തയ്യല്‍ക്കാരനായ ദ്രാസ് വീടിനു മുകളില്‍ പതാക ഉയര്‍ത്തിയത്. ദ്രാസിനെതിരെ ലഭിച്ച പരാതിപ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പാകിസ്താന്‍ പീനല്‍ കോഡിലെ 123 എ പ്രകാരവും പബ്ലക് ഓര്‍ഡറിലെ 16 മെയ്ന്റനന്‍സ് പ്രകാരവുമാണ് കേസ്. ദ്രാസിന്റെ വീടു പരിശോധിച്ചപ്പോള്‍ കോഹ്‌ലിയുടെ പോസ്റ്ററും ചുവരുകളില്‍ പതിച്ചതായി കണ്ടെത്തി. പാകിസ്താന്‍ പീനല്‍ കോഡ് 123 A എന്നാല്‍, ചുരുങ്ങിയതു പത്തു വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റമാണ്.

കോഹ്‌ലിയുടെ കടുത്ത ആരാധകനാണ് താനെന്ന് നേരത്തെ ദ്രാസ് വ്യക്തമാക്കിയിരുന്നു. കോഹ്‌ലി ഉള്ളതിനാല്‍ താന്‍ ഇന്ത്യന്‍ ടീമിനെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും ദ്രാസ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കോഹ്‌ലിയോടുള്ള ഇഷ്ടം മാത്രമാണ് പതാക ഉയര്‍ത്തിയതു കൊണ്ടു കാണിച്ചതെന്നും ദ്രാസ് പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെന്നു കരുതുന്നില്ല. ഒരു ക്രിക്കറ്റ് താരത്തിന്റെ ആരാധകന്‍ എന്നു മാത്രം കണ്ടു തനിക്കു മാപ്പു തരണമെന്നും ദ്രാസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News