ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ രാജസ്ഥാനിലെ ബാഡ്മറില്‍ ആകാശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബലൂണ്‍ പാകിസ്താന്‍ അയച്ചതാണെന്ന് ഇന്ത്യ. ഇത്തരം സംഭവങ്ങളോടു പ്രതികരിക്കാന്‍ ഇന്ത്യ എത്ര സമയം എടുക്കുമെന്ന് അറിയാനാണ് പാകിസ്താന്‍ ബലൂണ്‍ അയച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബാഡ്മറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടത് അമേരിക്കന്‍ നിര്‍മിത ഹീലിയം ബലൂണ്‍ ആണെന്നു പിന്നീട് കണ്ടെത്തിയിരുന്നു. ബലൂണ്‍ കണ്ട ഉടന്‍ തന്നെ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം അത് വെടിവച്ചിട്ടിരുന്നു.

പ്രതിരോധ മന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. 3 മീറ്റര്‍ ഉള്ള ബലൂണില്‍ ഹാപ്പി ബര്‍ത്ത്‌ഡേ എന്ന് എഴുതിയിരുന്നു. ഏകദേശം 25,000 അടി ഉയരത്തിലായിരുന്നു ബലൂണ്‍ പറന്നിരുന്നത്. ജയ്‌സല്‍മേര്‍ ജില്ലയിലാണ് ബലൂണ്‍ കണ്ടതെന്നും പ്രതിരോധ മന്ത്രാലയം അയച്ച കത്തില്‍ പറയുന്നുണ്ട്. റിപ്പബ്ലിക് ദിന പരേഡിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതാ നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ വ്യോമസേനാ റഡാറില്‍ ഇതുകണ്ട ഉടന്‍ വ്യോമസേന പ്രതികരിക്കുകയും ചെയ്‌തെന്ന് കത്തില്‍ പറയുന്നു.

അമേരിക്കന്‍ കമ്പനി നിര്‍മിച്ച ഹീലിയം ബലൂണ്‍ ഹെല്‌കോപ്ടറിനേക്കാള്‍ ഉയരത്തില്‍ പറക്കുകയായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 18,000 അടി ഉയരത്തിലാണ് ഹെലികോപ്ടര്‍ പറക്കുക. റഡാറില്‍ കണ്ട ഉടന്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ വെടിവച്ചിടുകയും ചെയ്തു. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്ത്യയുടെ പ്രതികരണശേഷി അളയ്ക്കാന്‍ ആയിരിക്കണം ഇതെന്നും പറയുന്നു.