നവകേരള മാര്‍ച്ച് പാലക്കാട് പര്യടനം തുടരുന്നു; നെല്ലറയെ ത്രസിപ്പിച്ച് ജനനായകന്റെ പര്യടനം; സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ ജനക്കൂട്ടം

പാലക്കാട്: കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ഓരോ മുക്കുംമൂലയും ഇളക്കി മറിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് പാലക്കാട് രണ്ടാംദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. രാവിലെ മണ്ണാര്‍ക്കാടു നിന്നാണ് മാര്‍ച്ച് പര്യടനം ആരംഭിച്ചത്. സോളാര്‍ കേസിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം നീണ്ടുപോയതിനാല്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് പിണറായി സ്വീകരണ സ്ഥലത്തെത്തിയത്. പൊരിയുന്ന ഉച്ചവെയിലും വകവയ്ക്കാതെ കാത്തുനിന്ന ആയിരങ്ങള്‍ ജനനായകന് ഉജ്വല വരവേല്‍പ് നല്‍കി. പ്രസംഗത്തിനിടെ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി ഉത്തരവ് വന്ന വിവരം ഗോവിന്ദന്‍ മാസ്റ്റര്‍ കുറിപ്പെഴുതി നല്‍കി. അതോടെ പ്രസംഗം കോടതി ഉത്തരവ് കേന്ദ്രീകരിച്ചായി.

അടുത്ത സ്വീകരണ കേന്ദ്രം കോങ്ങാട് ആയിരുന്നു. അപ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു. പൊരിയുന്ന വെയിലിനെയും വകവയ്ക്കാതെ പിണറായിയെ വരവേല്‍ക്കാന്‍ ഓരോരുത്തരും കാത്തിരുന്നു. ശേഷം മലമ്പുഴ മണ്ഡലത്തിന്റെ ഭാഗമായ ബിപിഎല്‍ കൂട്ടുപാത ജംഗ്ഷനില്‍ സ്വീകരണം. വര്‍ണാഭമായ സ്വീകരണമാണ് മലമ്പുഴയില്‍ ഒരുക്കിയിരുന്നത്. കുതിരവണ്ടി, പൂക്കാവടി, വാദ്യമേളം തുടങ്ങിയവ അണിനിരത്തി വര്‍ണാഭമായ സ്വീകരണത്തോടെയാണ് പിണറായിയെ വേദിയിലേക്ക് ആനയിച്ചത്. ഒടുവില്‍ പാലക്കാട് ചെറിയ കോട്ടമൈതാനിയില്‍ ഒരുക്കിയ സമാപന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നാളെ ചിറ്റൂരാണ് ആദ്യ സ്വീകരണ കേന്ദ്രം. തുടര്‍ന്ന് നെന്‍മാറ, ആലത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരിയില്‍ സമാപിക്കും.

രാവിലെ ഒറ്റപ്പാലത്ത് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്മശ്രീ പികെ നാരായണന്‍ നമ്പ്യാര്‍, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, ഞരളത്ത് ഹരിഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു, ആയുര്‍വേദ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. മണ്ണാര്‍ക്കാട്ടേക്കുള്ള യാത്രാമധ്യേ എളമ്പുലാശ്ശേരിയിലെ നിരഞ്ജന്റെ തറവാട്ടു വീട്ടില്‍ സന്ദര്‍ശനം നടത്തി. അച്ഛന്‍, അച്ഛമ്മ എന്നിവരെ കണ്ടു ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് മണ്ണാര്‍ക്കാടെത്തി ആദിവാസി ഗോത്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആദിവാസി ഭൂമിപ്രശ്‌നം, കുടിവെള്ളം, ആരോഗ്യം തുടങ്ങി പല വിഷയങ്ങളും ആദിവാസികള്‍ പിണറായിയെ ധരിപ്പിച്ചു. നിവേദനങ്ങള്‍ നല്‍കി. നാളെ മലബാര്‍ സിമന്റ്‌സിലെ കരാര്‍ തൊഴിലാളികളുടെ രാപ്പകല്‍ സത്യഗ്രഹ വേദി സന്ദര്‍ശിക്കും. കര്‍ഷകരും മറ്റു പൗരപ്രമുഖരുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News