ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ സമരത്തിന് ലോകശ്രദ്ധ; കേംബ്രിഡ്ജ് വിദ്യാര്‍ഥികളുടെ പിന്തുണ; രോഹിതിന്റെ മരണം റിട്ട ജസ്റ്റിസ് അശോക് കുമാര്‍ അന്വേഷിക്കും

ഹൈദരാബാദ്: ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്നു ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ലോകശ്രദ്ധ. കേബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. അതിനിടെ, രോഹിതിന്റെ മരണം അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് അശോക് കുമാറിനെ കേന്ദ്ര മാനവശേഷി വിഭവ മന്ത്രാലയം നിയോഗിച്ചു. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.

തുടരുന്ന വിദ്യാര്‍ഥി സമരത്തില്‍ ഒരു കൂട്ടം അധ്യാപകരും പങ്കാളികളായി. ഇടക്കാല വിസി നിയമിച്ച വിപിന്‍ ശ്രീവാസ്തവയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സര്‍വകലാശാലാ ക്യാംപസിനു പുറത്ത് സമാധാന റാലി നടത്തിയ വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രോഹിത് വെമുലയടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് എതിരെ നടപടി സ്വീകരിച്ച അച്ചടക്ക സമിതി അംഗമായിരുന്ന പുതിയ വൈസ് ചാന്‍സലറെ അംഗീകരിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

പുതിയ വിസിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ വിസിയുടെ കോലം കത്തിച്ചു. വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ എത്തിയ ശ്രീവാസ്തവയെ ഗോബാക്ക് വിളികളോടെ വിദ്യാര്‍ഥികള്‍ മടക്കി അയച്ചു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍വ്വകലാശാലയിലെ എസ് സി/എസ്ടി അധ്യാപകരും അനിശ്ചിത കാല നിരാഹാര സമരത്തില്‍ പങ്കുചേര്‍ന്നു. ഡല്‍ഹി, ചെന്നൈ സര്‍വ്വകലാശലകള്‍ക്ക് പിന്നാലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും രോഹിത് വെമുലയുടെ ഫോട്ടോ പതിച്ച ബാനറുകളുമായി ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തിന് പിന്തുണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News