ജീവിതത്തിലെ ‘ബജ്‌രംഗി ബൈജാന്‍’ ആന്റി ക്ലൈമാക്‌സിലേക്കോ? പാകിസ്താനില്‍നിന്ന് ആഘോഷമായി കൊണ്ടുവന്ന ഗീതയെ മടക്കി ലഭിക്കണമെന്ന് ഹര്‍ജി

ദില്ലി: ബജ്‌രംഗി ബൈജാന്‍ സിനിമ പുറത്തുവന്നതിനു പിന്നാലെയാണ് സിനിമയിലെ പ്രമേയത്തിന് സമാനമായ ജീവിതവുമായി ലേകത്തിന്റെ ശ്രദ്ധയിലേക്കുവന്ന ഗീതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചില്ല. ഗീതയെ മടക്കി അയക്കണമെന്നാ ആവശ്യം പാകിസ്താനില്‍ ശക്തമാകുന്നതോടെ കേന്ദ്ര സര്‍ക്കാരും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജു വിമര്‍ശനത്തിന്റെ വക്കില്‍. ബിഹാര്‍ സ്വദേശിയാണ് കേള്‍വി, സംസാര ശേഷിയില്ലാത്ത ഗീതയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

ഗീതയെ പാകിസ്താനിലേക്കു മടക്കി അയക്കണമെന്നാവശ്യപ്പെട്ടു പാകിസ്താനിലെ മനുഷ്യാവകാശ സംഘടന സിന്ധ് ഹൈക്കോടതിയെ സമീപിച്ചതോടെ ഗീതയുടെ ജീവിതം വീണ്ടും തലക്കെട്ടുകളില്‍ നിറയുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്‍സാര്‍ ബേണിയാണ് ഗീതയെ മടക്കിക്കൊണ്ടുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ വിദഗ്‌ധോപദേശകന്‍ കൂടിയാണ് അന്‍സാര്‍ ബേണി.

ഇന്ത്യയിലെത്തിയിട്ടു മാസങ്ങളായിട്ടും ഗീതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ഗീതയെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ അന്‍സാര്‍ ബേണി ചൂണ്ടിക്കാട്ടുന്നു. ഗീതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിദേശകാര്യ വക്താവ് വികാസ് സ്വരൂപും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല.

ഗീതയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വികാസ് സ്വരൂപ് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം പോലും ഗീതയുടെ പഴയചിത്രങ്ങള്‍ അടക്കം വിശദാംശങ്ങള്‍ നിതീഷ് കുമാറിന്റെ ഓഫീസിനു കൈമാറിയിട്ടുണ്ടെന്നും സ്വരൂപ് വ്യക്തമാക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ജനങ്ങള്‍ കൂട്ടം കൂടുന്ന ഇടങ്ങളിലും ചിത്രങ്ങള്‍ സഹിതം കേന്ദ്രത്തിന്റെ അഭ്യര്‍ഥന ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ പതിക്കണമെന്നായിരുന്നു എംഇഎയുടെ നിര്‍ദേശം.

ഇന്ത്യയുടെ മകളെ തിരികെക്കൊണ്ടുവരുന്നു എന്നു പറഞ്ഞാണ് ഗീതയെ പാകിസ്താനില്‍നിന്നു കൊണ്ടുവന്നത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരിട്ടു പാകിസ്താനില്‍പോയാണു ഗീതയെ നാട്ടിലേക്കു കൊണ്ടുവന്നത്. പതിമൂന്നു വര്‍ഷം മുമ്പാണ് ഗീത പാകിസ്താനില്‍ എത്തിപ്പെട്ടത്. ഇന്ത്യാ-പാക് അതിര്‍ത്തി പ്രദേശത്തു നടന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കളോടൊപ്പം പോയ ഗീത കൂട്ടംതെറ്റി അബദ്ധവശാല്‍ അതിര്‍ത്തി കടക്കുകയായിരുന്നു. അവിടെ ഒരു കുടുംബം ഗീതയെ ഏറ്റെടുത്തു വളര്‍ത്തുകയായിരുന്നു. ഗീതയുടെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ടു മൂന്നു ദമ്പതികള്‍ എത്തിയെങ്കിലും അവരെ ഗീത തിരിച്ചറിഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here