തിരുവനന്തപുരം: സോളാര്‍കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വിധി വന്നിട്ടും രാജിവയ്ക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരേ പ്രതിഷേധം രൂക്ഷം. ഉമ്മന്‍ചാണ്ടി ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. അതേസമയം, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കണമെന്ന് ദ ഹിന്ദു ദിനപത്രം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്നു കോഴിക്കോട്ടായിരുന്നു മുഖ്യമന്ത്രിക്കു കാര്യമായി പരിപാടികളുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെ തന്നെ പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തേക്കു തിരിച്ച മുഖ്യമന്ത്രി പിന്നീട് മടങ്ങിയില്ല. കൊച്ചിയില്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വിമാനമാര്‍ഗം തിരുവനന്തപുരത്തേക്കു വരികയായിരുന്നു. വിവിധ കക്ഷി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി സുരക്ഷാ കാരണങ്ങള്‍ പൊലീസ് ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തലസ്ഥാനത്ത് ഇന്നു പൊതുപരിപാടികള്‍ക്കൊന്നും പോകേണ്ടെന്നു തീരുമാനിച്ചത്.
കോവളം ലീലാ പാലസില്‍ നടക്കുന്ന ആഗോള വിദ്യാഭ്യാസ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നു. പരിപാടിക്കെതിരേ എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ മുഖ്യമന്ത്രി കൂടിയെത്തിയാല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുമെന്നും പരിപാടിയില്‍നിന്നു പിന്‍മാറണമെന്നും രാവിലെ ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി ടി പി സെന്‍കുമാറും എഡിജിപി എ ഹേമചന്ദ്രനും ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിക്കും ക്ലിഫ് ഹൗസിനും സുരക്ഷ വര്‍ധിപ്പിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. മന്ത്രി ആര്യാടന്‍ മുഹമ്മദും എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. രാവിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നപരിഹാരത്തിന് നടപടിയുണ്ടാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തി സന്ദര്‍ശിച്ചിരുന്നു.
അതേസമയം, ഇന്നു രാവിലെ പുറത്തിറങ്ങിയ ദ ഹിന്ദു ദിനപത്രം രൂക്ഷമായ ഭാഷയിലാണ് ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചതും രാജിയല്ലാതെ പരിഹാരമില്ലെന്നു മുഖപ്രസംഗമെഴുതിയതും. രണ്ടര വര്‍ഷമായി തുടരുന്ന സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ നിലപാടുകളെ രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ എതിര്‍പരാമര്‍ശങ്ങളുണ്ടായപ്പോള്‍ മന്ത്രിമാരായ കെ എം മാണിയും കെ ബാബുവും രാജിവച്ചതും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ രാജി ആവശ്യം തള്ളാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യാതൊരു ധാര്‍മികാവകാശവുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മാന്യത കളഞ്ഞുകുളിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മാത്രമല്ല, ഇത്തരത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിലൂടെ സംസ്ഥാനത്തെ ഭരണഘടനാപരമായ പ്രതിസന്ധിയിലേക്കാണ് ഉമ്മന്‍ചാണ്ടി വലിച്ചിഴയ്ക്കുന്നതെന്നും ഹിന്ദു ആരോപിക്കുന്നു. മാധ്യമം ദിനപത്രവും ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നു മുഖപ്രസംഗം എഴുതിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here