സോളാറില്‍ കുരുങ്ങിയ മുഖ്യമന്ത്രിയെ വീട്ടില്‍പോയി വിഎസ് കണ്ടിട്ടും എന്‍ഡോസള്‍ഫാനില്‍ തീരുമാനമായില്ല; ചര്‍ച്ച തെറ്റിപ്പിരിഞ്ഞു; ഫെബ്രുവരി 3 ന് വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നടപടിയില്ല. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ക്ലിഫ്ഹൗസിലെത്തി ചര്‍ച്ച നടത്തിയിട്ടും പ്രശ്‌ന പരിഹാരമായില്ല. ചര്‍ച്ച തെറ്റിപ്പിരിഞ്ഞതായി ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തെത്തിയ വി എസ് പറഞ്ഞു. ഫെബ്രുവരി മൂന്നിന് വീണ്ടും ചര്‍ച്ച നടത്താമെന്നായിരുന്നു മുഖ്യമന്ത്രി വി എസിനോടു പറഞ്ഞത്.

രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും ബന്ധുക്കളും സമരം നടത്തുന്നത്. ഈ പ്രശ്‌നം ഇനിയും പരിഹരിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്കു കാലം പോലും മാപ്പു നല്‍കില്ലെന്നു കഴിഞ്ഞദിവസം വി എസ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചയ്ക്കായി വി എസ് എത്തിയത്.

2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ കഞ്ഞിവയ്പു സമരം നടത്തിയപ്പോഴാണ് ദുരിതബാധിതരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി ഉത്തരവിറക്കിയത്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഭാഗികമായി ചില നടപടികളെടുത്തതല്ലാതെ പ്രധാന ആവശ്യങ്ങളില്‍ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് സമരം ആരംഭിച്ചത്. മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സഹായം എത്രയും വേഗം നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here