രാജിവയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ നിഷേധമെന്ന് പിണറായി വിജയന്‍; ജുഡീഷ്യറിയെ അപമാനിക്കുന്നതു ശരിയല്ല

പാലക്കാട്: സോളാര്‍ അഴിമതിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും രാജിവയ്ക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് യാതൊരു ന്യായീകരണവുമില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സരിതയുടെ വെളിപ്പെടുത്തല്‍ തുടരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. രാജിവയ്ക്കില്ല എന്ന നിലപാട് ജനാധിപത്യ നിഷേധമാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. ധാര്‍മികതയെ കുറിച്ച് പറഞ്ഞിരുന്ന ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മനഃസാക്ഷിയെ കുറിച്ചാണ് പറയുന്നത്. വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ ആക്രമിക്കുന്ന രീതിയാണ് ഉമ്മന്‍ചാണ്ടിയും അനുയായികളും സ്വീകരിക്കുന്നത്.

പണ്ടു വിജിലന്‍സ് കോടതിയില്‍ നിന്ന് ഉത്തരവുണ്ടായപ്പോള്‍ ആ ജഡ്ജിയെ പാകിസ്താനി എന്നു വിളിച്ച് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ ആളാണ് ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ അനുയായികളെ വിട്ട് ജഡ്ജിയെ അപമാനിക്കുന്നു. ഇത് ജുഡീഷ്യറിയെ തന്നെ അപമാനിക്കുന്നതിനു തുല്യമാണ്. ജുഡീഷ്യറിയെ ആക്രമിക്കുന്നതു ശരിയല്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉമ്മന്‍ചാണ്ടി പിന്‍മാറണം. ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, ഡിജിറ്റല്‍ തെളിവുണ്ടെന്ന് സരിത പറയുന്നു. ആ തെളിവു കൂടി പുറത്തുവന്നാല്‍ ഉമ്മന്‍ചാണ്ടി എന്തുപറയുമെന്നും പിണറായി ചോദിച്ചു.

എപ്പോഴും നുണ മാത്രം പറയുന്ന ആളായി മുഖ്യമന്ത്രി മാറുന്നത് ശരിയല്ല. കെ ബാബുവിനെതിരായ വിധിക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചതോടെ മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ മറനീക്കി പുറത്തുവരികയാണ്. ഉമ്മന്‍ചാണ്ടിയുടെ വക്താവായി പ്രവര്‍ത്തിച്ചിരുന്ന കെ ബാബുവിനെ രക്ഷിക്കാനാണ് നോക്കിയത്. വീണ്ടും ബാബുവിനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനാണ് നോക്കുന്നത്. ഉമ്മന്‍ചാണ്ടി തന്നെ പുറത്തു പോകാന്‍ നില്‍ക്കുന്ന അവസ്ഥയില്‍ ഇത്തരം അവിശുദ്ധ നീക്കങ്ങളില്‍ നിന്ന് പിന്‍മാറണം. ഉമ്മന്‍ചാണ്ടി വാങ്ങിയ പണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ട്. ഇക്കാരണത്താല്‍ തന്റെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെടില്ലെന്ന ധൈര്യമാണ് ഉമ്മന്‍ചാണ്ടിക്കെന്നും പിണറായി വിജയന്‍ പാലക്കാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here