ജസ്റ്റിസ് ഉബൈദിന്റെ വിധി ഉമ്മന്‍ചാണ്ടിക്കും ആര്യാടനും അനുകൂലം; അന്വേഷണത്തിനുള്ള ഉത്തരവ് സ്റ്റേ ചെയ്തു; തൃശൂര്‍ വിജിലന്‍സ് ജഡ്ജിക്ക് വിമര്‍ശനം

കൊച്ചി: സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ. ഹൈക്കോടതിയാണ് ഉത്തരവു സ്‌റ്റേ ചെയ്തത്. രണ്ടു മാസത്തേക്കാണ് സ്‌റ്റേ. തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് എസ്എസ് വാസനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കോടതി പോസ്റ്റ്ഓഫീസ് പോലെയല്ല പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. തന്റെ പദവി പോസ്റ്റ്ഓഫീസിനു സമാനമാണെന്ന് ജഡ്ജ് ധരിക്കരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണ് വിജിലന്‍സ് കോടതി ഉത്തരവു സ്‌റ്റേ ചെയ്തത്.

അഴിമതിക്കേസില്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും തന്നെ വിജിലന്‍സ് കോടതി പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കോടതി അനാവശ്യമായ നിരീക്ഷണങ്ങളും വിലയിരുത്തലുകളും കോടതി നടത്താന്‍ പാടില്ല. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ അടക്കം ജഡ്ജ് ലംഘിച്ചു. എല്ലാ ദിവസവും പുതിയ വെളിപ്പെടുത്തലുകളും വാര്‍ത്തകളും വരുന്ന കാലഘട്ടമാണിത്. കോടതി ഒരിക്കലും വെളിപ്പെടുത്തലുകളുടെ പുറകെ പോകാന്‍ പാടില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതി കേസെടുക്കാന്‍ ഉത്തരവിടരുത്.

ഇത്തരത്തില്‍ വെളിപ്പെടുത്തലുകളും പത്രവാര്‍ത്തകളും നോക്കി ഉത്തരവിട്ടാല്‍ ഇവിടെ പൊതുപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമുണ്ടാകും. വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ പി.ഡി ജോസഫിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുക്കണം എന്നായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്. ഇതിനെതിരെ ഇരുവരും സമര്‍പ്പിച്ച സ്വകാര്യ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News