ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് എല്‍ഡിഎഫ്; അഴിമതിയെ ന്യായീകരിക്കുന്ന നയപ്രഖ്യാപനം നടത്തരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും; അഞ്ചിന് നിയമസഭാ മാര്‍ച്ച്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് എല്‍ഡിഎഫ്. അഴിമതിയെ ന്യായീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെടും. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഘടകകക്ഷി നേതാക്കള്‍ ഗവര്‍ണരെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടും. തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.

നിയമസഭാ സമ്മേളനം തുടങ്ങുന്ന ഫെബ്രുവരി അഞ്ചിന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്താനും എല്‍ഡിഎഫ് തീരുമാനിച്ചു. ആരോപണ വിധേയരായ മൂന്ന് മന്ത്രിമാരുടെയും ഔദ്യോഗിക പരിപാടികള്‍ ഇടതുമുന്നണി ബഹിഷ്‌കരിക്കും. അഴിമതി നടത്തിയ സര്‍ക്കാരിന്റെ തലവനായി ഇരിക്കാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനല്ലെന്നും എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് വൈക്കം വിശ്വന്‍ പറഞ്ഞു.

എല്‍ഡിഎഫ് സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. വരും ദിവസങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ പ്രതിഷേധം സംഘടിപ്പിക്കും. അഴിമതിക്കാരനായ മുഖ്യമന്ത്രി ബഡ്ജറ്റ് അവതരിപ്പിക്കരുത്. ബഡ്ജറ്റ് ദിവസം പഞ്ചായത്ത് തലത്തില്‍ അഴിമതി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും. നിയമ സഭയ്ക്കുള്ളില്‍ സ്വീകരിക്കേണ്ട സമീപനം പിന്നീട് തീരുമാനിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

അഴിമതിയുടെ പേരില്‍ കോടതി നടപടി സ്വീകരിക്കുന്നത് വരെ കാര്യങ്ങള്‍ എത്തി. കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍, വിശ്വനാഥന്‍, കെ കരുണാകരന്‍ എന്നിവര്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചു. കെ ബാബുവും ധാര്‍മ്മികതയുടെ പേരിലാണ് പേരില്‍ രാജിവെച്ചു എന്നാണ് പറയുന്നത്. – വൈക്കം വിശ്വന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒരേ നീതി എന്നാണ് കോടതി പറഞ്ഞത്. അപ്പോള്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികത തോന്നിയില്ല. മനസാക്ഷി എന്ന് പറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുകയാണ്. മനസാക്ഷിയാണ് പ്രാധാന്യം എന്ന് പറഞ്ഞ് നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി എല്ലാ രാഷ്ട്രീയ അതിര്‍വരമ്പുകളും ലംഘിക്കുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി.

സോളാര്‍ കമ്മീഷന് മുന്നില്‍ 14 മണിക്കൂറില്‍ മുഖ്യമന്ത്രി പറഞ്ഞത് മുഴുവന്‍ വൈരുദ്ധ്യങ്ങളാണ്. മുഖ്യമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളം ആണ് എന്ന് വിശ്വസ്തയായ സരിത കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മകനുമായി ഉള്ള ബന്ധം സരിത കമ്മീഷന് മുന്നില്‍ പറഞ്ഞു. തെളിവ് നശിപ്പിച്ചു എന്ന് മുഖ്യമന്ത്രിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഡിജിപി പറഞ്ഞു. സരിതയെയും മുഖ്യമന്ത്രിയെയും ശ്രീധരന്‍ നായരെയും ഒരുമിച്ച് മുഖ്യമന്ത്രിയുടെ മുറിയില്‍ കണ്ടു എന്ന് ഒരു എഡിജിപി പറഞ്ഞു. എന്നിട്ടും ഉമ്മന്‍ചാണ്ടി പച്ചക്കള്ളം പറയുകയാണ് എന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel