ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം; മുടിയും പുരികവും മീശയും വടിപ്പിച്ച് റോഡിലൂടെ നടത്തിച്ചു

കാണ്‍പൂര്‍: ഹിന്ദു യുവാക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സഹായിച്ചെന്ന് ആരോപിച്ച് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. അവദേഷ് സവിത എന്നയാളെയാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും മുടിയും പുരികവും മീശയും നിര്‍ബന്ധപൂര്‍വ്വം വടിപ്പിക്കുകയും ചെയ്തത്. കണ്‍പൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അവദേഷിനും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.

വെള്ളിയാഴ്ച അവദേഷിന്റെ വീട്ടിലെത്തിയ 200ഓളം പ്രവര്‍ത്തകര്‍ ഇയാളെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. അതിന് ശേഷം മുടിയും പുരികവും മീശയും വടിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അവദേഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ബജ്‌രംഗ്ദള്‍ സംഘം അയാളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി അവദേഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മൂന്നു ഹിന്ദു യുവാക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ അവദേഷ് സഹായിച്ചെന്നും അവരെ നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിച്ചെന്നുമാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News