സോളാര്‍ കേസില്‍ വിജിലന്‍സ് കോടതിക്കു തെറ്റുപറ്റിയിട്ടില്ലെന്നു പിണറായി; ഇടപാടിലെ മുഖ്യകഥാപാത്രം ഉമ്മന്‍ചാണ്ടി; പ്രതിഷേധങ്ങള്‍ മര്‍ദിച്ചൊതുക്കാന്‍ കരുതേണ്ട

വടക്കഞ്ചേരി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതിക്കു തെറ്റുപറ്റിയിട്ടില്ലെന്നു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരളയാത്രയുടെ ഭാഗമായി വടക്കഞ്ചേരിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പിണറായി. സോളാര്‍ ഇടപാടിലെ മുഖ്യകഥാപാത്രം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും പിണറായി പറഞ്ഞു.

മകന്റെ പങ്കാളിത്തത്തില്‍ സോളാര്‍ കമ്പനി നടത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തന്റെ പങ്കു പുറത്തുവരാതിരിക്കാന്‍ എന്തു നെറികേടും കാണിക്കാന്‍ മടിയില്ലാത്തയാളാണ് ഉമ്മന്‍ചാണ്ടി. പ്രതിഷേധങ്ങള്‍ തുടരും. ജനങ്ങളുടെ പ്രതികരണമാണ് പ്രതിഷേധം. അത്തരം പ്രതിഷേധങ്ങളെ മര്‍ദിച്ചൊതുക്കാമെന്നു വിചാരിച്ചാല്‍ അതു നടക്കില്ലെന്നും അങ്ങനെ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരെ അധിക്ഷേപിക്കരുത്. അത് ജസ്റ്റിസ് ഉബൈദായാല്‍പോലും അത്തരം നടപടിയുണ്ടാകരുത്. ഒരുപാട് സംശയങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ നിരവധി പേര്‍ക്കും ഇത്തരം സംശയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

കേരളത്തില്‍ വിദേശ സര്‍വകലാശാലകള്‍ വന്നാല്‍ വിദ്യാഭ്യാസ നിലവാരം ഉയരുമെന്ന തോന്നല്‍ തെറ്റാണ്. അതിനെ പൂര്‍ണമായി തള്ളിക്കളയുകയാണ്. അതേസമയം, സമ്മേളനത്തിന് എത്തിയ ടി പി ശ്രീനിവാസനെ കൈയേറ്റം ചെയ്തത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായെന്നും പിണറായി പറഞ്ഞു. സമരം നടക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കും. അതു സമരത്തെ പരാജയപ്പെടുത്താനാണ്. അതേസമയംതന്നെ സമരത്തെ മോശമായി ചിത്രീകരിക്കാനും ശ്രമം നടക്കും. ഇത്തരം സംഭവങ്ങള്‍ ഒരാള്‍ ചെയ്താലും അതു സമരത്തെയാകെയായിരിക്കും ബാധിക്കുക എന്നു മറക്കരുതെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here