കെ ബാബുവിന്റെ രാജി സ്വീകരിക്കില്ല; കെ എം മാണി തിരിച്ചുവരണമെന്നും യുഡിഎഫ് തീരുമാനം; ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതി പരാമര്‍ശത്തോടെ നല്‍കിയ കെ ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്നു യുഡിഎഫ് തീരുമാനം. ബാബു മന്ത്രിയായി തുടരണമെന്നു തീരുമാനിച്ച യുഡിഎഫ് യോഗം കെ എം മാണി മന്ത്രിസഭയിലേക്കു തിരിച്ചുവരണമെന്നും നിര്‍ദേശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും യോഗം തീരുമാനിച്ചു.

കെ ബാബു രാജിക്കത്തു നല്‍കിയിരുന്നെങ്കിലും സ്വീകരിച്ചിരുന്നില്ല. രാജിക്കത്തു ഗവര്‍ണര്‍ക്കു കൈമാറാതെ മുഖ്യമന്ത്രി കൈയില്‍ വച്ചിരിക്കുകായിരുന്നു. ബാര്‍ കോ‍ഴക്കേസില്‍ എഫ്ഐആര്‍ എടുത്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ബാബു രാജിക്കത്തു നല്‍കിയത്. ഇതു ഹൈക്കോടതി താല്‍കാലികമായി മരവിച്ച സാഹചര്യത്തിലാണ് യുഡിഎഫ് ബാബുവിനെ മന്ത്രിസഭയില്‍ തിരിച്ചുകൊണ്ടുവരാന്‍ ആലോചിക്കുന്നത്.

ബാബുവിന്‍റെ രാജി സ്വീകരിച്ചാല്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകും. ഇത് ഒ‍ഴിവാക്കാനും ബാബുവിന്‍റെ രാജി നിരസിക്കുന്നതിലൂടെ സാധിക്കും. മന്ത്രി കെ എം മാണിയെ തിരിച്ചുകൊണ്ടുവന്ന് അടുത്ത ബജറ്റ് മാണിയെക്കൊണ്ടുതന്നെ അവതരിപ്പിക്കാനാണ് യുഡിഎഫിന്‍റെ നീക്കം. അടുത്തദിവസം കോട്ടയത്തു വരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കെ എം മാണി കൂടിക്കാ‍ഴ്ച നടത്തുന്നുണ്ട്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതായിരിക്കും കൂടിക്കാ‍‍ഴ്ചയെന്നു രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് മാണിയെ തിരികെ മന്ത്രിസഭയിലേക്കു കൊണ്ടുവരാന്‍ യുഡിഎഫ് ആലോചിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here