വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ഭര്‍തൃമതിയായ യുവതിയെ തീവച്ചുകൊന്ന ഡോക്ടര്‍ക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട്: ഭര്‍തൃമതിയായ ആശുപത്രി ജീവനക്കാരിയെ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി തീവച്ചു കൊന്ന കേസില്‍ ഡോക്ടര്‍ക്കു ജീവപര്യന്തം തടവും ഏഴു ലക്ഷം രൂപ പിഴയും. പാലക്കാട് ജില്ലയിലെ ചെര്‍പുളശേരി കാറല്‍മണ്ണ അമ്പാടിയില്‍ ഡോ. പ്രസാദിനെയാണു ശിക്ഷിച്ചത്. പട്ടാമ്പി പെരുമുടിയൂര്‍ മൈലാട് വടക്കേതില്‍ മുരളീധരന്റെ ഭാര്യ സിന്ധു (32) കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി.

2009 ഫെബ്രുവരി 21നായിരുന്നു സംഭവം. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന സിന്ധുവിനോട് ഡോ. പ്രസാദിന് പ്രണയമായിരുന്നു. നെല്ലായ സര്‍ക്കാര്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടറായിരുന്നു പ്രസാദ്. പ്രസാദ് വീട്ടിലേക്കു വിളിച്ചുവരുത്തി തന്നെ വിവാഹം ചെയ്യണമെന്നു സിന്ധുവിനോട് ആവശ്യപ്പെടുകയായിരുന്നു. തനിക്കു ഭര്‍ത്താവും കുട്ടികളുമുണ്ടെന്നും വിവാഹം ചെയ്യാനാവില്ലെന്നും പറഞ്ഞതോടെ കരുതിവച്ചിരുന്ന പെട്രോള്‍ സിന്ധുവിന്റെ മേല്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സിന്ധുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 28 നു മരിച്ചു. ഡോ. പ്രസാദ് അടയ്ക്കുന്ന പിഴയില്‍ അഞ്ചുലക്ഷം രൂപ സിന്ധുവിന്റെ കുടുംബത്തിന് നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ അഞ്ചുവര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.  പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയന്‍ സി. തോമസ് ഹാജരായി. 34 സാക്ഷികളാണ് പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. ചെര്‍പ്പുളശ്ശേരിയില്‍ സി.ഐമാരായിരുന്ന കെ.എം. സെയ്തലവി, ബിജു ഭാസ്‌കര്‍, ഇ. സുനില്‍കുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News