കെ ബാബു രാജി പിന്‍വലിച്ചു; യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനത്തിന് വഴങ്ങുന്നെന്നു വിശദീകരണം; തിരിച്ചുവരാന്‍ ധൃതിയില്ലെന്ന് മാണി

തൃപ്പൂണിത്തുറ/കോട്ടയം: ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നു നല്‍കിയ രാജി പിന്‍വലിക്കുന്നതായി കെ ബാബു. യുഡിഎഫിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിര്‍ബന്ധത്തിനു വഴങ്ങിയാണു തീരുമാനമെന്നും തൃപ്പൂണിത്തുറയിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബാബു പറഞ്ഞു. അതേസമയം, തനിക്കു മന്ത്രിസഭയിലേക്കു തിരികെ വരാന്‍ തിടുക്കമില്ലെന്നും പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മുന്‍ ധനമന്ത്രി കെ എം മാണി വ്യക്തമാക്കി. ഇന്നു രാവിലെ ചേര്‍ന്ന യുഡിഎഫ് യോഗമാണ് ബാബുവിനോടും മാണിയോടും മന്ത്രിസഭയില്‍ തിരിച്ചെത്തണമെന്നാവശ്യപ്പെട്ടത്.

മുഖ്യമന്ത്രി ഇന്നലെയും ഇന്നു രാവിലെയും താനുമായി സംസാരിച്ചിരുന്നെന്നും വ്യക്തിപരമായി മന്ത്രിസഭയിലേക്കു തിരികെ പോകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബാബു പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും അര്‍പ്പിച്ച വിശ്വാസത്തില്‍ നന്ദി. യുഡിഎഫിന് കീഴ്‌പെട്ടു പ്രവര്‍ത്തിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. വ്യക്തിപരമായ തീരുമാനത്തിന് പ്രസക്തിയില്ലാതായതോടെയാണു മന്ത്രിസഭയിലേക്കു തിരികെപോകാന്‍ തീരുമാനിച്ചത്. മുന്നണിക്കോ പാര്‍ട്ടി നേതൃത്വത്തിനോ അലോസരമുണ്ടാകാന്‍ ആഗ്രഹമില്ല. യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കാന്‍ ബാധ്യസ്ഥനും പൂര്‍ണമായി വിധേയനുമാണു താന്‍.

കോടതി ഉത്തരവിനെക്കുറിച്ചു കേട്ടയുടനെ രാജി നല്‍കിയിരുന്നു. പ്രസ്‌ക്ലബില്‍വച്ചു രാജി പ്രഖ്യാപിച്ചശേഷം സ്വകാര്യ കാറിലാണ് തൃപ്പൂണിത്തുറയിലെ വീട്ടിലേക്കു വന്നതെന്നും സ്റ്റേറ്റ് കാര്‍ ബോര്‍ഡും ബീക്കണ്‍ ലൈറ്റും അഴിച്ചു തിരുവനന്തപുരത്തേക്ക് മടക്കി അയച്ചെന്നും ബാബു പറഞ്ഞു. ജീവനക്കാര്‍ക്കു മാസ്‌കോട്ട് ഹോട്ടലില്‍ വച്ചു വിരുന്നു നല്‍കി യാത്രചോദിച്ചിരുന്നു. തൃപ്പൂണിത്തുറയില്‍തന്നെ മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കി കഴിയാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എംഎല്‍എ ഹോസ്റ്റലില്‍ മുറിക്കും പിഎയെ അനുവദിക്കാനും അപേക്ഷ നല്‍കിയിരുന്നു. രാജിവച്ചപ്പോള്‍ പലരും പിന്തുണച്ചു. വിജിലന്‍സ് കോടതി വിധി ഹൈക്കോടതി മരവിപ്പച്ചപ്പോള്‍ മന്ത്രിയായി തിരികെ വരാന്‍ ധൃതിയില്ലായിരുന്നു. മുഖ്യമന്ത്രിക്കില്ലാത്ത ഇമേജ് തനിക്കു വേണ്ടെന്നും അത് ആഗ്രഹിച്ചിട്ടില്ലെന്നും ബാബു പറഞ്ഞു.

കോട്ടയത്തു മാധ്യമങ്ങളോടാണ് മാണി താന്‍ മന്ത്രിസഭയിലേക്കു തിരികെ വരാന്‍ തിടുക്കം കാട്ടുന്നില്ലെന്നു പറഞ്ഞത്. അതേസമയം, മന്ത്രിസഭയിലേക്കു മടങ്ങിവരണമെന്നാവശ്യപ്പെട്ട യുഡിഎഫ് അര്‍പ്പിച്ച വിശ്വാസത്തില്‍ നന്ദി പറയുന്നെന്നും പാര്‍ട്ടിയോഗത്തില്‍ ആലോചിച്ചശേഷം ഉചിതമായ നടപടിയെടുക്കുമെന്നും മാണി പറഞ്ഞു. മാണിയും വൈകാതെ മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്നാണ് സൂചന.

ബാര്‍ കോ‍ഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശങ്ങളെത്തുടര്‍ന്നായിരുന്നു കെ എം മാണി രാജിവച്ചത്. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ നല്‍കിയ രാജി അന്നു രാത്രിതന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ക്കു കൈമാറിയിരുന്നെങ്കിലും ക‍ഴിഞ്ഞ ദിവസം ബാബു നല്‍കിയ രാജി ഇതുവരെ കൈമാറിയിരുന്നില്ല. ബാബുവിന്‍റെ രാജിക്കത്തു ഗവര്‍ണര്‍ക്കു കൈമാറാത്ത ഉമ്മന്‍ചാണ്ടിയുടെ നടപടി വിമര്‍ശനങ്ങള്‍ വിളിച്ചുവരുന്നതിനിടെയാണു ബാബു രാജി പിന്‍വലിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here