കോളജില്‍നിന്നു മടങ്ങിയ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന മൂന്നുപേര്‍ക്കു വധശിക്ഷ; മൂന്നുപേര്‍ക്കു ജീവപര്യന്തം; കംദുനി കേസില്‍ ശിക്ഷാവിധിയായി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കടുത്ത ജനരോഷമുയര്‍ത്തിയ കംദുനി കൂട്ടബലാത്സംഗക്കേസില്‍ മൂന്നു പേര്‍ക്കു വധശിക്ഷ. കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റു മൂന്നുപേര്‍ക്കു ജീവപര്യന്തം തടവും നോര്‍ത്ത് 24 പരഗ്നാസ് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിധിച്ചു. കഴിഞ്ഞദിവസം ആറു പേരും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. ബംഗാളില്‍ വന്‍ വിവാദമുയര്‍ത്തിയ സംഭവമായിരുന്നു കംദുനിയില്‍ ഇരുപതു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു ശിക്ഷാവിധി പ്രസ്താവിച്ച് ജഡ്ജി സഞ്ജിത സര്‍ക്കാര്‍ വ്യക്തമാക്കി.

സൈഫുല്‍ അലി, അന്‍സാര്‍ അലി, അമീന്‍ അലി എന്നിവരെയാണു വധശിക്ഷയ്ക്കു വിധിച്ചത്. കൊലപാതകത്തില്‍ പങ്കില്ലെന്ന കണ്ടെത്തിയാണ് ഇമാനുല്‍ ഇസ്ലാം, ഭോലാ നാസ്‌കര്‍, അമിനുര്‍ ഇസ്ലാം എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. മറ്റൊരു പ്രതിയായിരുന്ന ഗോപാല്‍ നാസ്‌കര്‍ ജയിലില്‍ വച്ചു മരിച്ചു. മറ്റു പ്രതികളായ റാഫിഖുല്‍ ഇസ്ലാം ഗാസിയെയും നൂര്‍ അലിയെയും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.

2013 ജൂണ്‍ ഏഴിനായിരുന്നു സംഭവം. കൊല്‍ക്കത്തയില്‍നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെ ബരാസത്തില്‍ കംദുനി ഗ്രാമത്തിലാണ് കോളജ് വിട്ടു വീട്ടിലേക്കു പോവുകയായിരുന്ന ഇരുപതുകാരി ശിപ്ര ഘോഷ് കൂട്ടബലാത്സംഗത്തിരയായി കൊലചെയ്യപ്പെട്ടത്. ബരാസത്തിലെ ദെരോസിയോ കോളജില്‍ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ ശിപ്ര വീട്ടിലേക്കു പോകും വഴി ഒമ്പതുപേര്‍ ബലംപ്രയോഗിച്ചു വലിച്ചിഴയ്ക്കുകയായിരുന്നു. ഒരു ഫാക്ടറിയുടെ ഉള്ളിലെത്തിച്ച പെണ്‍കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തു.

ബലാത്സംഗത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അരയ്ക്കു മുകളില്‍വച്ചു കാലുകള്‍ വെട്ടിമാറ്റുകയും കഴുത്തറക്കുകയും ചെയ്തു. കഷ്ണങ്ങളാക്കിയ മൃതദേഹം തൊട്ടടുത്ത വയലില്‍ ഉപേക്ഷിച്ചു. മൃതദേഹം കണ്ടെത്തിയപ്പോള്‍ രോഷാകുലരായ നാട്ടുകാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ അക്രമങ്ങള്‍ പെരുകുന്നതായും സ്ത്രീകള്‍ക്കു സുരക്ഷയില്ലെന്നും കാട്ടിയായിരുന്നു പ്രതിഷേധം. നിരവധി പൊലീസ് വാഹനങ്ങള്‍ കത്തിക്കുന്നതിലടക്കം സംഘര്‍ഷമെത്തി.

നാട്ടുകാര്‍ സര്‍ക്കാരിനെതിരേ രോഷാകുലരായി തുടര്‍ന്നതോടെ സൈന്യത്തെ രംഗത്തിറക്കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉറപ്പുനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലുള്ളവരായിരുന്നു പ്രതികള്‍ എന്നതാണ് കാരണം. നാട്ടുകാരാണ് മുഖ്യപ്രതി അന്‍സാര്‍ അലിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. അന്‍സാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാക്കിയുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News