മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ വന്‍ അട്ടിമറി. ലോക ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ ആഞ്ജലിക്ക് കെര്‍ബര്‍ കിരീടം നേടി. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് കെര്‍ബര്‍ സെറീനയെ അട്ടിമറിച്ചത്. സ്‌കോര്‍ 4-6, 6-3, 4-6. ആദ്യ സെറ്റു മുതല്‍ കെര്‍ബര്‍ സെറീനയ്ക്ക് കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്. ഏഴാം സീഡ് താരമാണ് കെര്‍ബര്‍. കെര്‍ബറുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. സ്‌റ്റെഫി ഗ്രാഫിനു ശേഷം ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യത്തെ താരം കൂടിയായി ആഞ്ജലിക്ക് കെര്‍ബര്‍.

ആദ്യ സെറ്റില്‍ പലതവണ സെറീനയ്ക്ക് വെല്ലുവിളിയുയര്‍ത്തിയ കെര്‍ബര്‍ അനായാസമായി തന്നെ ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാല്‍, രണ്ടാം സെറ്റില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. കൂടുതല്‍ ആത്മവിശ്വാസത്തോടെ കാണപ്പെട്ട സെറീന രണ്ടാം സെറ്റ് അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും കരസ്ഥമാക്കി. രണ്ടുതവണ രണ്ടാംസെറ്റിലും കെര്‍ബര്‍ ലീഡ് ചെയ്തിരുന്നു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 5-2ന് ലീഡ് ചെയ്ത ശേഷമായിരുന്നു 6-4ന് കെര്‍ബര്‍ സെറ്റ് സ്വന്തമാക്കിയത്.

ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണത്തില്‍ സ്റ്റെഫി ഗ്രാഫിനെ മറികടക്കുക എന്ന സെറീനയുടെ സ്വപ്‌നത്തിനാണ് മങ്ങലേറ്റത്. 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന സ്റ്റെഫിയുടെ റെക്കോര്‍ഡിന് ഇളക്കം തട്ടാതെ കാക്കാന്‍ മറ്റൊരു ജര്‍മന്‍കാരി തന്നെ വഴിയാകുകയും ചെയ്തു. ആറാം സീഡ് ആയിട്ടു പോലും അത്ര പ്രശസ്തയല്ലാത്ത കെര്‍ബര്‍ ഗംഭീര പ്രകടനമാണ് സെറീനയ്‌ക്കെതിരെ പുറത്തെടുത്തത്.